സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ ത്വാഇഫ് നഗരത്തിൽനിന്നും ഇരുനൂറ്റിഅന്പത് കി.മീ. അകലെ, മരുഭൂമിയുടെ 'വന്യത'യില്‍, ലാവപ്പാടങ്ങൾ വലംവെച്ചുനില്ക്കുന്ന കൊച്ചുകുന്നുകൾക്കും, ചരൽക്കല്ലുകൾ വിരിപ്പുതീർത്ത സമതലങ്ങൾക്കും നടുവിൽ, 260 മീ. താഴ്ചയിൽ, രണ്ടു കി.മി. ചുറ്റളവിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു ദൃശ്യവിസ്മയമാണ്, വഹ്ബ ക്രെയ്റ്റര്.
![]() |
Image courtesy: Arab News |
2008 ലെ ഒരു ശൈത്യ കാലത്താണ് വഹ്ബയിലേക്ക് പോയത്. നൗഫലും, സാജിദും, അഷ്റുവും, സദ്റുമായിരുന്നു സഹയാത്രികർ. ത്വാഇഫ് ഹൈവേയിൽ നിന്നും തിരിഞ്ഞ് വഹ്ബയെ ലക്ഷ്യം വച്ച് പോകവേ റോഡിനിരുവശങ്ങളിലും സാമാന്യം വലിപ്പമുള്ള വെള്ളാരം കല്ലുകൾ ചിതറിക്കിടക്കുന്നത് ചേതോഹരമായൊരു ആകര്ഷക്കാഴ്ചയാണ്.കളിക്കൂട്ടുകാരോടൊപ്പം വീട്ടിലെയും, അയല്പക്കങ്ങളിലെയും പറമ്പുകളിൽ വെള്ളാരംകല്ലുകൾ തേടിയലഞ്ഞിരുന്ന, തേടിയലയവേ കല്ലു കോറി കാലിൽ മുറിവ് പറ്റിയിരുന്ന കുട്ടിക്കാലത്തെ ഓർമകൾ ഓര്‍മയുടെ മുറിവിൽ നിന്ന് ഒരുമാത്ര പതുക്കെ ഒലിച്ചിറങ്ങി.
ക്രെയ്റ്ററിനു സമീപത്തുള്ള ഒരു ഗ്രാമത്തിലെത്തി. ഉച്ചഭക്ഷണത്തിന്റെ നിശ്ചിതസമയം പിന്നിട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഭക്ഷണം കഴിച്ചിട്ടില്ല. സമീപത്തുകണ്ട 'മന്തി' റെസ്റ്റോറന്റിൽ കയറി, ഭക്ഷണം കഴിച്ചു. ദൂരയാത്രയിലെ മുന്തിയ ഭക്ഷണമാണ് മന്തി.
കൈയിലുള്ള മാപിൽ വഹ്ബയുടെ ദിശ പരിശോധിച്ചു. നേരെ ചെന്നെത്തിയത് മണ്‍മതിൽ അതിരുകെട്ടിയ എട്ടു പത്ത് കൊച്ചു കൊച്ചു വീടുകൾ ഉള്‍പ്പെടുന്ന ഒരു സ്ഥലത്ത്. അപരിചിത വാഹനത്തിലെ വിദേശികളെകണ്ടപ്പോൾ മധ്യവയസ്കനായ ഒരറബിയും, കൗമാരപ്രായം വിട്ടിട്ടില്ലാത്ത കുറച്ചു കുട്ടികളും ഞങ്ങളുടെ അടുത്തേക്ക് വന്നു. മനസ്സിലെ ഭീതി ഒളിപ്പിച്ചുവെച്ച് ഞങ്ങള്‍ സലാം പറഞ്ഞു. അയാളുടെ മുഖത്തെ ഗൗരവഭാവത്തിനു അയവുവന്നത് ശ്രദ്ധിച്ചു. അറിയുന്ന അറബി ഭാഷയുടെ ആനുകൂല്യത്തിൽ, ആംഗ്യഭാഷകളുടെ പിന്‍ബലത്തില്‍ ആഗമനോദ്ദേശ്യം അദ്ദേഹത്തെ ധരിപ്പിച്ചു. ഞങ്ങളുടെ പദസമ്പത്തിൽ വഹ്ബ ക്രെയ്റ്റര് എന്നതിന്റെ അറബി പദം അന്യമായിരുന്നു. പക്ഷെ, ആംഗ്യഭാഷ ഉപയോഗിച്ചാലും, വികൃതമായ അറബി പറഞ്ഞാലും ഒരു തദ്ദേശീയനും നിങ്ങളെ പരിഹസിക്കുകയില്ല. അയാള്‍ നിങ്ങൾ പറയുന്നത് ക്ഷമയോടെ കേട്ട് മനസ്സിലാക്കുവാൻ ശ്രമിക്കും. അദ്ദേഹം കൃത്യമായ വഴി പറഞ്ഞുതന്നു.
![]() |
Photo: Mohammed Nowfal |
മരുക്കാറ്റ് അതിശക്തമായി വീശിയടിച്ചുകൊണ്ടിരുന്ന സായന്തനത്തിലാണ് ഭീതിയും, ആഹ്ലാദവും സമംചേർന്നുനിന്ന വ്യത്യസ്തമായൊരു വികാരവായ്പോടെ ഞങ്ങൾ അതിനു സമീപം എത്തിയത്. പടിഞ്ഞാറ്, വിടപറയാൻ ഒരുങ്ങിനില്ക്കുന്ന അർക്കന്റെ അരുണശോഭ. താഴെ, പേടിപ്പെടുത്തുന്ന പാറക്കൂട്ടങ്ങൾക്കുമപ്പുറം, ഉപ്പുപാടംപോൽ തോന്നിപ്പിക്കുന്ന വെള്ളപ്പരവതാനികൾക്ക് സ്വർണ്ണനിറം കൈവന്നിരിക്കുന്നു. ഈ യാത്രയുടെ മുന്നൊരുക്കത്തിനിടെ വഹ്ബയെക്കുറിച്ച് വായിച്ചപ്പോൾ വിഷപ്പാമ്പുകൾ വിഹരിക്കുന്ന സ്ഥലമാണിത് എന്ന് കണ്ടിരുന്നു. തല്ക്കാലം ഇപ്പോൾ താഴോട്ടിറങ്ങേണ്ട, നേരം വെളുത്തിട്ടാവാം എന്നു തീരുമാനിച്ചു.
നിരപ്പാർന്ന സ്ഥലങ്ങളിൽ ഒരിടത്ത് ടെന്റ് കെട്ടണം. നേരം വെളുത്തിട്ട് ക്രെയ്റ്ററിലേക്കിറങ്ങണം. ഒരു ചെറിയകുന്നിന്റെ താഴ്വാരത്ത്, സുരക്ഷിതമെന്ന് തോന്നിയൊരിടത്ത് ഞങ്ങൾ വീടുകെട്ടി. ചന്ദ്രനില്ലാത്ത ആകാശം. അകലെ, അകലെ ഓടിക്കൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ വണ്ടികളിൽ നിന്നുള്ള പ്രകാശം കാണായി.
പിറ്റേന്ന് രാവിലെ, ക്രെയ്റ്ററിലേക്ക് ഇറങ്ങുവാൻ വേണ്ടി ഞങ്ങൾ ഒരുങ്ങി. വഴിതേടി വണ്ടിയുമായി ആ ഗർത്തതിനു ചുറ്റും കറങ്ങി. വടക്കുഭാഗത്ത് പച്ചപ്പുകണ്ടു. അവിടെ ഇറങ്ങിനോക്കി. മുള്ളുകൾ പടർന്നുനില്ക്കുന്ന മരങ്ങൾ. ഏതോ ജീവിയുടെ ജീർണ്ണിച്ച ശവശരീരം. ഞങ്ങൾ പിൻവാങ്ങി. പടിഞ്ഞാറ് ഭാഗത്ത് ചുരംപോലെ വളഞ്ഞു പുളഞ്ഞു നില്ക്കുന്ന നേർത്ത രേഖകൾ കാണാം. വഴിയായിരിക്കും. ഞങ്ങൾ വാഹനം ആഭാഗത്തേക്ക് തിരിച്ചു.
പാറക്കെട്ടുകൾക്ക് ഇടയിലൂടെ ആയാസപ്പെട്ടൊരിറക്കം. കാലുതെറ്റിയാൽ താഴെ കരിമ്പാറകൾക്ക് മേലെ നിലംപതിക്കും. ശക്തിയിൽ ആഞ്ഞടിക്കുന്ന കാറ്റ് ബാലൻസ് തെറ്റിക്കാൻ ശ്രമിച്ചുകൊണ്ടെയിരിക്കുന്നു. നന്നായി ശ്രദ്ധിക്കണം! ഒടുവിൽ, അരമണിക്കൂറിലധികം നീണ്ട ശ്രമത്തിനു ശേഷം ഞങ്ങൾ താഴെയെത്തി.
നനഞ്ഞുകുതിർന്നുനില്ക്കുന്ന നിലം. കൈയിൽ ഉണ്ടായിരുന്നു വടികൊണ്ട് പൂണ്ടുപോവില്ലെന്ന് ഉറപ്പുവരുത്തി മുന്നോട്ട് നടന്നു. അല്പം അകലെ, ക്രിസ്റ്റലുകളുടെ തിളക്കം. ഉപ്പുചാക്കുകൾ കെട്ടഴിച്ച് വിതറിയപോലെ. ഹൃദയഹാരിയായ ദൃശ്യം, നയനാനന്ദകരമായ കാഴ്ച. ജീവിതത്തിലെ അത്യപൂർവമായൊരു മുഹൂർത്തത്തിന് നേർസാക്ഷികളാവുകയായിരുന്നു ഞങ്ങൾ. സാഹസികമായൊരു ദൗത്യം എന്നതിനാൽ പലർക്കും അപ്രാപ്യവും, കൂടുതൽ പേർക്കും അജ്ഞാതവുമാണ് 'വഹ്ബ'.
'വഹ്ബ' യുടെ ഉത്ഭവത്തെകുറിച്ച് പ്രധാനമായും രണ്ട് സിദ്ധാന്തങ്ങളാണുള്ളത്: ഉല്‍ക്കാപതനം മൂലമാണ് ഇവ ഉണ്ടായത് എന്നാണ് ഒരഭിപ്രായം. മറ്റ് ഉല്‍ക്കാനിര്‍മ്മിത ക്രെയ്റ്ററുകളുമായുള്ള ഇതിന്റെ സാദൃശ്യമാണ് ഈ അഭിപ്രായത്തിന് കാരണം. എന്നാല്‍ ഭൂഗര്‍ഭ അഗ്നിപര്‍വ്വത വിസ്ഫോടനമാണ് ഈ ക്രെയ്റ്ററിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് ഇന്ന് ഏതാണ്ടെല്ലാ ഭൌമശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. അതിവിസ്തൃതമായ ദ്രവ-ശിലാപാടത്താല്‍ (lava field) ചുറ്റപ്പെട്ടു കിടക്കുന്ന ഇതിന്റെ അവസ്ഥ ഈ അഭിപ്രായത്തിന് ആക്കം കൂട്ടുന്നു.
നിരപ്പിൽ നിരന്നുകിടക്കുന്ന ക്രിസ്റ്റലുകൾ രുചിച്ചുനോക്കാനാഞ്ഞു. കൂട്ടത്തിലാരോ പറഞ്ഞു, 'വേണ്ട, ഒരു പക്ഷെ ഇത് സയനേഡ് ആണെങ്കിലോ!! നീട്ടിയ കൈ പിന്നോട്ട് വലിച്ചു. ഒരു പക്ഷെ, ശരിയാണെങ്കിലോ?
![]() |
Photo: M. Nowfal |
സൂര്യന്റെ ചൂടിന് കടുപ്പം കൂടിവരുന്നുണ്ട്. ശക്തികുറഞ്ഞ കാറ്റുവീശുന്നുണ്ട്. കുറച്ചു ദൂരെ, വടക്കുഭാഗത്തുള്ള ചെറിയൊരു പാറക്കൂട്ടത്തിനു പിറകിൽ നിന്നെന്നു തോന്നി, ഒരു സംഗീതസ്വരം കേൾക്കായി. പുരാതനമായ ഏതോ ഉപകരണത്തിൽ നിന്നും പുറപ്പെടുന്ന ആദിഗീതം പോലെ.
സാജിദ് ഓർത്തെടുത്തു, ഏതോ ഒരു ജാപനീസ് സിനിമയിൽ ഒരു രംഗമുണ്ട്. ഒരു വനത്തിൽ എത്തിയ ടൂറിസ്റ്റുകൾ പൊടുന്നനെ ഒരു പാട്ടുകേള്ക്കുന്നു. പാട്ടിന്റെ ഉറവിടം തേടി അവർ ചെന്നെത്തിയത് ഒരു ഗുഹാമുഖത്ത്. ഗുഹയ്ക്കകത്ത് വിചിത്രമായ കൈകാലുകൾ ഉള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നുണ്ടായിരുന്നു! ഞങ്ങളുടെ ഉദ്വേഗം വര്‍ദ്ധിച്ചു. പാറക്കൂട്ടങ്ങൾക്ക് പിറകില്‍നിന്നും പുല്ലാങ്കുഴൽ വായിക്കുന്ന ആളെ തേടി ഞങ്ങൾ ഒന്നിച്ചുനടന്നു. പക്ഷെ, അവിടെയെത്തവെ,ആ ശബ്ദം ദൂരെമാറി പാറയുടെ എതിർവശത്തുനിന്നും കേള്‍ക്കാനായി.
![]() |
Photo: Mohammed Sajid |
ആ സംഗീതാനുഭവം ഇപ്പോഴും ഒരു സമസ്യയായി ഓർമയിൽ വീണമീട്ടിക്കൊണ്ടെയിരിക്കുന്നു.കാറ്റു സൃഷ്ടിച്ച ശബ്ദവീചികളാകാം. വായു ദൂരെയെവിടെ നിന്നോ കൊണ്ടുവന്ന വായ്പാട്ടാകാം...!