Thursday, November 28, 2013

ഉണ്ണീ..., മാപ്പ്!


ആദ്യത്തെ ദീർഘദൂര യാത്രയുടെ, ഒന്നാമത്തെ തീവണ്ടി യാത്രയുടെ ആഹ്ലാദവും വിസ്മയവും രസം പിടിപ്പിക്കുന്ന ഭീതിയും കൂട്ടുകാരായി കൂടെയുള്ള മനോഹരമായ ആ സായാഹ്നത്തിൽ, അധികമൊന്നും തിരക്കില്ലാത്ത ആ കമ്പാർട്ട്മെന്റിൽ, ആനിമേഷൻ ചിത്രങ്ങളിലെ ദൃശ്യങ്ങൾ പോൽ ചലിക്കാതെ ചലിക്കുന്ന പുറം കാഴ്ചകൾ നോക്കിയിരിപ്പാണ് ഞാൻ.

എനിക്കഭിമുഖമായുള്ള ഇരിപ്പിടത്തിൽ  വിദൂരതയിലേക്ക് കണ്ണുകൾ പായിച്ച് ചിന്താഭാരവും പേറി ഒരാൾ ഇരിപ്പുണ്ട്. കുലീനമായ വേഷവിധാനവും, പുറം പകിട്ടും അദ്ദേഹം ഏതോ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തോന്നിപ്പിച്ചു. പക്ഷെ, മുഖം മ്ലാനമാണ്. ഇടയ്ക്ക് അയാൾ  സ്വയം സംസാരിക്കുന്നുണ്ട്. അപ്പോൾ തന്നെ സ്ഥല-കാല ബോധം വീണ്ടെടുത്തപോലെ ചുറ്റും കണ്ണോടിച്ചു. ഞാനെന്റെ ശ്രദ്ധ അദ്ദേഹത്തിൽ നിന്നും തിരിച്ചു. "ഭാഗ്യം! താൻ സ്വയം സംസാരിക്കുന്നത് ആരും കണ്ടില്ലല്ലോ!" എന്നദ്ദേഹം ആശ്വാസം കൊണ്ടു എന്ന് തോന്നുന്നു. സമൂഹത്തിലെ ഉന്നതസ്ഥാനീയരിൽ വ്യാപകമായ അസംപ്തൃപ്തിയുമായി  ബന്ധപ്പെട്ട സമാനമായൊരു തീവണ്ടിമുറി  അനുഭവം തന്റെ 'The Road to Mecca' യിൽ മുഹമ്മദ്‌ അസദ് വിവരിച്ചിട്ടുള്ളത് പിന്നീടൊരു വായനാസന്ദർഭത്തിൽ   അതിശയം തീർത്ത സമാനതയായി അനുഭവപ്പെട്ടിരുന്നു.

ട്രെയിൻ യാത്രകളിൽ കമ്പാർട്ട്മെന്റുകൾ തൽക്കാലത്തേക്കെങ്കിലും നമ്മുടെ വീടുകൾക്ക് സമാനം മനോഹാരമാകും എന്ന് പറഞ്ഞുകേട്ട സ്വപ്നസുന്ദരമായ ധാരണ കൂടെ ഉണ്ടായിരുന്നെങ്കിലും ആരും പരസ്പരം മിണ്ടാതെ, ഒന്ന് പുഞ്ചിരിക്കുകപോലും ചെയ്യാതെ ആ തീവണ്ടി മുറി  'വെള്ളം ചോരാത്ത കമ്പാർട്ട്മെന്റ്' ആയി മാറുന്നത് കണ്ട് മനസിന് മുറിവേറ്റോ?!.

വിരസത പാളം തെറ്റിയപ്പോൾ വാതിലിനു സമീപത്തേക്ക് നടന്നു. അടയ്ക്കാത്ത വാതിലിലെ പിടിയിൽ ശ്രദ്ധയോടെ കൈപിടിച്ച് പുറത്തേക്ക് കണ്ണും നട്ടിരുന്നു. ഇടയ്ക്കെപ്പോഴോ അകത്തേക്കും കണ്ണുപായിച്ചു. അവിടെ സീറ്റിൽ മുഖത്ത് ശോകച്ഛായ കലർന്ന   ഒരാൾ എന്നോട് പുഞ്ചിരിച്ചു. പരിചയമില്ലായ്മയുടെ മുഴുവൻ വെപ്രാളവും പ്രകടമാവുന്ന ഒരർദ്ധനിമിഷ പുഞ്ചിരി. പക്ഷെ, വശ്യമായിരുന്നു ആ ചെറുപുഞ്ചിരി. നോട്ടത്തിൽ എന്റെ സമപ്രായക്കാരനാണ് എന്ന്  തോന്നും. അല്ലെങ്കിൽ അല്പം ഇളയത്. ഇരുപതുകളുടെ തുടക്കത്തിൽ ആയിരിക്കും പ്രായം. അവന്റെ നെറ്റിയിലെ കുറി  സാത്വികമായൊരു ഭാവം നല്കുന്നുണ്ട്. യാത്രയിലെ സൌഹൃദത്തിലേക്ക് ലഭിച്ച നല്ലൊരു പച്ച അടയാളമാണ് ആ ചിരിയെന്ന് ബോധ്യപ്പെട്ടെങ്കിലും സ്വതസിദ്ധമായ  ഒരു സ്റ്റാർട്ടിംഗ് ട്രബ്ൾ എന്നെ പിന്നോട്ട് വലിച്ചു. ഞാൻ പുറം കാഴ്ചകളിലേക്ക് തിരിച്ചുപോയി.

ഇടയ്ക്ക് അവനെ നോക്കി. അപ്പോൾ അവൻ എഴുന്നേറ്റു എന്റെ നേരെ നടന്നു വരുന്നതായാണ് തോന്നിയത്. പെട്ടെന്ന് അവന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ പ്രകടമായി. കണ്ണുകൾ മേലോട്ട് പോകുന്നു. നേരത്തെ സുന്ദരമായ പുഞ്ചിരി സമ്മാനിച്ച ചുണ്ടുകൾ കോടുന്നു. ഭീതിപ്പെടുത്തുന്ന രംഗം. അടുത്തുള്ള സഹയാത്രികർ ഒരു ശബ്ദത്തോടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ഓടുന്നു. അവൻ വീഴാൻ പോകുന്നതായി തോന്നി. ഞാൻ ഓടിച്ചെന്ന് അവനെ താങ്ങിക്കിടത്തി. ഒരാൾ പോലും  സഹായിക്കാൻ വന്നില്ല. അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി. വായിൽ നിന്നും നുരയും പതയും വരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ വെച്ച് ഒരു പെണ്‍കുട്ടിക്ക് ഇതുപോലെ അസുഖം വന്നത് ഓർമവന്നു. അന്ന് അധ്യാപകർ അവളുടെ കൈയിൽ താക്കോൽ കൂട്ടം വെച്ച്കൊടുത്തിരുന്ന ദൃശ്യം ഓർമയോടൊപ്പം കടന്നുവന്നു. പക്ഷെ, താക്കോൽ കൂട്ടം കൈയിൽ ഇല്ലല്ലോ. ചുറ്റും കൂടി നില്ക്കുന്ന ആൾകൂട്ടത്തോട് താക്കോൽ കൂട്ടം ചോദിക്കാൻ ഹിന്ദി വശവും ഇല്ലല്ലോ, ദൈവമേ! അല്പസമയത്തിനകം അവൻ ശാന്തനായി. അവൻ എന്റെ മടിയിൽ കിടന്ന് ഒന്ന് മയങ്ങി. കുറച്ചു നേരം കഴിഞ്ഞ് അവൻ ഉണർന്നു. ദു:ഖം  പൊതിഞ്ഞുവച്ച മുഖത്ത് പ്രസരിപ്പുവരുത്താൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. പഴയ ആ സ്കൂൾ കുട്ടിയുടെ മുഖത്തും ശോകത്തിന്റെ ഒരു തേപ്പ് ഉണ്ടായിരുന്നുവെന്നും എന്നാലും അവൾ പ്രസന്നവതിയാണെന്ന തോന്നൽ വരുത്താൻ ശ്രമിച്ചിരുന്നുവല്ലോ എന്ന കൗതുകകരമായ തിരിച്ചറിവ് ഒരു നിമിഷം എന്നെ അതിശയപ്പെടുത്തി. വേദനകൾക്ക് ലോകത്ത് എല്ലായിടത്തും ഒരേ ഭാവം തന്നെയായിരിക്കണം! 

ഭയപ്പാടോടെ, നെഞ്ചുപിളർക്കുന്ന ഒരുതരം നോട്ടത്തോടെ ആളുകൾ സീറ്റുകളിൽ വന്നിരുന്നു. അവൻ തലതാഴ്ത്തി ഇരുന്നു. ഞാൻ അവനെ എന്റെ സീറ്റിലേക്ക് കൊണ്ടുപോയി. അവൻ ഉന്മേഷവാനായി. ഞങ്ങൾ പരിചയപ്പെട്ടു:

പേര് ഉണ്ണി.  മൂന്നു സഹോദരിമാർ. അച്ഛൻ കുറച്ചു മുന്പ് മരണപ്പെട്ടു . അമ്മയും അച്ഛമ്മയും ഉണ്ട്. ഒറ്റപ്പാലത്ത് വീട്. ചേച്ചി കല്യാണ്‍ നഗരത്തിൽ നിന്നും അകലെയുള്ള ഒരു കൊച്ചുപട്ടണത്തിലെ ഒരാശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നു. കുടുംബസമേതം അവിടെയാണ്. അനിയത്തിമാർ പഠിക്കുന്നു. ഉണ്ണി, ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു.  ചേച്ചിയെ കാണാൻ പോവുകയാണ്. അവർ ടൈഫോയ്ഡ് പിടിച്ച് കിടക്കുകയാണത്രേ!. ഉണ്ണി വാചാലനായി. നല്ല സ്പീഡിൽ ആണ് അവൻ സംസാരിക്കുന്നത്. നല്ല രസമുള്ള സംസാരം. മലയാള സിനിമകളിൽ കേട്ടു പരിചയമുള്ള  മനോഹരമായ ഒറ്റപ്പാലം സ്ലാങ്. ഇടയ്ക്ക് തന്റെ താടിയെല്ലിലെ ഉണങ്ങിയ മുറിവിന്റെ പാട് അവൻ തടവി. എന്നിട്ടത് മറയ്ച്ചുവെക്കാൻ ശ്രമിച്ചു.

പെട്ടെന്ന് എന്തോ ഓർത്തെന്നോണം അവൻ മൗനിയായി. മുഖം താഴ്ത്തി.  പിന്നെ, പതിഞ്ഞ സ്വരത്തിൽ ഉണ്ണി പറഞ്ഞു, എനിക്ക് അപസ്മാരം ഉണ്ടായി, ല്ലേ? ചെറുപ്പത്തിലേ കൂടെ ഉള്ളതാ. ഇപ്പോ വന്നിട്ട് രണ്ടു വർഷത്തിനു മീതെയായി. ഞാൻ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഉണ്ണി എന്റെ കൈകൾ മുറുകെ പിടിച്ചു.

ഉണ്ണി തുടർന്നു: - "നിങ്ങളെ കണ്ടപ്പോൾ മലയാളിയാണെന്ന് തോന്നി. മിണ്ടാലോ എന്ന് കരുതി അടുത്ത് വരാൻ ഒരുങ്ങിയതാ. അപ്പോൾ തീ നിറഞ്ഞിരിക്കുന്ന ആഴമേറിയ കിണറ്റിലേക്ക് വീണുപോകുന്ന പോലെ തോന്നി. ചുറ്റിലും നക്ഷത്രങ്ങൾ ഉതിർന്നുവീഴുന്ന പോലെ.    ഞാൻ എന്റെ അമ്മയെ ഉച്ചത്തിൽ വിളിച്ചത് ഓർമയുണ്ട്. പിന്നെ ഒന്നും ഓർമയില്ല.  അവൻ തനിക്ക് സംഭവിച്ചത് ഓർത്തെടുത്തു.  കഴിഞ്ഞ തവണ പാലക്കാട് കോട്ടമൈതാനിയിൽ വെച്ച് രോഗം വന്നപ്പോൾ ഒരു കല്ലിലിടിച്ച് താടിയിൽ ഉണ്ടായ മുറിവിന്റെ അടയാളം ഉണ്ണി കാണിച്ചുതന്നു. അവൻ ചിരിക്കാൻ ശ്രമിച്ചു. എന്തോ, എനിക്കാ ചിരിയിൽ പങ്കുചേരാൻ കഴിഞ്ഞില്ല.

ഞങ്ങൾ കുറെ സംസാരിച്ചു. ഈശ്വരനാണ് നൗഷാദിനെ ഇവിടെ എത്തിച്ചത് എന്നൊക്കെ ഉണ്ണി ഭംഗിവാക്കു പറഞ്ഞു. ഇനി മറക്കണ്ട എന്ന് പറഞ്ഞ് ബാഗിൽ നിന്ന് ഒരു പഴയ ഡയറി എടുത്ത് അവൻ എന്റെ അഡ്രസ് അതിൽ കുറിച്ചുവെച്ചു - അവന്റെ പുഞ്ചിരിയോളം സൗന്ദര്യമുള്ള അക്ഷരങ്ങളിൽ.

സഹയാത്രികർ ഉറങ്ങിയപ്പോഴും, പല യാത്രക്കാരും ഇറങ്ങിപ്പോയപ്പോഴും ഞങ്ങൾ മിണ്ടിക്കൊണ്ടേയിരുന്നു. സ്നേഹം പെയ്യുന്ന, നിഷ്കളങ്കത വിഴിഞ്ഞൊഴുകുന്ന വാക്കുകൾ. അച്ഛന്റെയോർമകൾ അയവിറക്കുമ്പോൾ ഉണ്ണിയുടെ നിയന്ത്രണം വിട്ടു.

വണ്ടി കല്യാണ്‍ ജങ്ക്ഷനിൽ എത്തി. കൊച്ചുകുട്ടിയെപ്പോലെ കരയുന്നു, ഉണ്ണി. എന്റെ സങ്കടം പുറത്തുകാണിക്കാതിരിക്കാൻ ഞാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഞങ്ങൾ പരസ്പരം വിടചൊല്ലി.

നാട്ടിൽ തിരിച്ചെത്തി നാലഞ്ചുദിവസം കഴിഞ്ഞു കാണും. ഒരു കത്ത് തപാലിൽ വന്നു. മനോഹരമായ കൈപ്പടയിൽ മലയാളത്തിലാണ് മേൽവിലാസം എഴുതിയിരിക്കുന്നത്. അയച്ചയാളുടെ പേര് സ്നേഹം എന്ന് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ.
ആകാംക്ഷയോടെ തുറന്നു നോക്കി.  "എന്റെ പ്രിയപ്പെട്ട ജ്യേഷ്ടൻ നൗഷാദൂന്" എന്ന് എഴുതിയാണ്  അഞ്ചാറു പേജുകളുള്ള കത്തിന്റെ തുടക്കം. കത്തിന്റെ ഒടുക്കത്തിനു താഴെ, ഉണ്ണിയുടെ അമ്മയുടെ അഞ്ചാറു വരികളും. ആത്മാർത്ഥ സ്നേഹത്തിന് അക്ഷരരൂപം പ്രാപിക്കുവാൻ സാധിക്കുമെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരുന്നു. അക്ഷരങ്ങളുടെ ഏറ്റവും രുചികരമായ അവസ്ഥ അവയ്ക്ക് സ്നേഹത്തിന്റെ ഭാഷ്യം കൈവരുമ്പോഴാണെന്ന് ബോധ്യപ്പെട്ടതും അന്നായിരുന്നു!

ഞങ്ങൾ ഇടക്കിടക്ക് കത്തുകൾ അയച്ചു. ഉണ്ണിയുടെ കത്തുകൾ ഞാൻ എന്റെ വീട്ടുകാരെ ഒന്നിച്ചിരുത്തിയാണ് വായിക്കാറുള്ളത്. അത്രയ്ക്കും ഹൃദ്യമായിരുന്നു അവന്റെ സ്നേഹാക്ഷരങ്ങൾ. മലയാളത്തിന്‌ ഇത്രയും സൗന്ദര്യമോ എന്ന് അത്ഭുതം കൂറിയ  സന്ദർഭങ്ങൾ!

ഉണ്ണി ജോലി ചെയ്യുന്ന സ്റ്റുഡിയോക്ക് സമീപത്തെ ഒരു ഷോപ്പിൽ  ഫോണ്‍കിട്ടിയ വിവരം  നമ്പർ സഹിതം ഒരു പോസ്റ്റുകാർഡിൽ എഴുതി അറിയിച്ചു. അതു ലഭിച്ച അന്നുതന്നെ ഉണ്ണിയെ വിളിച്ചു. അടുത്ത ഞായറാഴ്ച അവന്റെ വീട്ടിലേക്ക് വരണമെന്ന്   ഉണ്ണിക്കു നിർബന്ധം. ഇതിനു മുന്പ് കത്തുകളിലൂടെ അനേകം ക്ഷണങ്ങൾ പരസ്പരം നടത്തിയിരുന്നുവെങ്കിലും കൃത്യാന്തരബാഹുല്യങ്ങൾ വിലങ്ങുതടി തീർക്കലായിരുന്നു പതിവ്. ഞാൻ വരാമെന്നേറ്റു. ഉണ്ണി ഒറ്റപ്പാലം ബസ്റ്റാന്റിൽ കാത്തിരിക്കാമെന്നേറ്റു. ഞായറാഴ്ചക്കായി രണ്ടുപേരും കാത്തിരുന്നു. ഉച്ചയ്ക്കു മുൻപേ ബസ്സ്റ്റാന്റിൽ ഇറങ്ങി. ഉണ്ണി കാത്തിരിക്കുന്നുണ്ടായിരുന്നു. 

ഞങ്ങൾ ഒരു ഓട്ടോയിൽ കയറി. ഒരു വയലിന് ചാരെ ഓട്ടോ നിർത്തി. വയലിനക്കരെയാണ് വീട്. പാടവരമ്പിലൂടെ ഇറങ്ങി നടന്നു. ഉണ്ണി തന്റെ വീട് ചൂണ്ടിക്കാണിച്ചു തന്നു.

വീട്ടുമുറ്റത്ത് അവന്റെ അമ്മയും, മുത്തശ്ശിയും അനിയത്തിമാരും പ്രതീക്ഷയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും പുഞ്ചിരി. സന്തോഷം. എന്റെ സന്തോഷം ആനന്ദമായി. അമ്മേ എന്ന് വിളിച്ചപ്പോൾ ആ കണ്ണുകൾ സജലമായി.

മുത്തശ്ശി കൊച്ചു മോളെ ശാസിക്കുന്നു, ഈ കുട്ടിക്ക് കുടിക്കാൻ വല്ലതും കൊടുക്ക്‌. ക്ഷീണിച്ചു വരുന്നതാണെന്നറിയില്ലേ?!  അവൾ അകത്തേക്കോടി. നല്ല തണുത്ത സംഭാരം കൊണ്ടുവന്നു തന്നു. മോരും, മുളകും, ഇഞ്ചിയും, കറിവേപ്പിലയുമൊക്കെ മിശ്രണം ചെയ്ത ആ പാനീയത്തിൽ സ്നേഹം കൂടി ചേർത്തപ്പോൾ ജീവിതത്തിൽ കുടിച്ച ഏറ്റവും രുചിയുള്ള സംഭാരമായി അത് അനുഭവപ്പെട്ടു. അത്രയും രുചിയേറിയ സംഭാരം ഇതുവരെ വേറെ കുടിച്ചിട്ടേയില്ല.

അമ്മയും, അച്ഛമ്മയും വിശേഷങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ഉമ്മയെ കൊണ്ടുവരാഞ്ഞതെന്തേ എന്ന് പരാതിപ്പെടുന്നു. എന്റെ കത്തുകളെകുറിച്ച് സംസാരിക്കുന്നു. വല്യമ്മ കട്ടിക്കണ്ണട എടുത്തു ഗ്ലാസ് തുടക്കുമ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുന്നു.

ഉച്ചസമയമായി. ഉച്ചനമസ്കാരത്തിന്റെ സമയം. ഞാൻ ഉണ്ണിയോട് എനിക്ക് നമസ്കരിക്കണം. അതിന് അംഗ ശുദ്ധി വരുത്താൻ വെള്ളം വേണമായിരുന്നു, നമസ്കരിക്കുവാൻ ഒരു പായ കിട്ടിയാൽ നന്നായിരുന്നു എന്ന് ആഗ്രഹം പറഞ്ഞു. ഉണ്ണി അകത്തേക്ക് പോയി. മിനുട്ടുകൾക്കകം ഒരനിയത്തി ബക്കറ്റിൽ വെള്ളവുമായി വന്നു. ഒരു ഹവായ് ചെരുപ്പുമായി ഉണ്ണിയും.

അംഗശുദ്ധി  ചെയ്ത് വീട്ടിനകത്ത് ഉണ്ണിയുടെ മുറിയിലേക്ക് കയറിയപ്പോൾ, നമസ്കരിക്കാൻ ഉപയോഗിക്കുന്ന പുല്പായയും, പായയിൽ ഒരു കാർപെറ്റും സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.!
അയല്പക്കത്തെ ഏതോ മുസ്‌ലിം വീട്ടില്‍ നിന്നും ഉണ്ണിയുടെ അനുജത്തി കൊണ്ടുവന്നതായിരുന്നു, ആ നമസ്കാരപ്പായകള്‍. അതിരുകളില്ലാത്ത ആദരവിന്റെ, സീമകള്‍ ലംഘിക്കപ്പെടുന്ന സ്നേഹത്തിന്റെ മുൻപിൽ എന്റെ കണ്ണുകൾ നിറഞ്ഞു. നമസ്കാരത്തിൽ അവർക്കുവേണ്ടി പ്രാർഥിച്ചു.

ഉണ്ണിയുടെ മുറിയുടെ ചുവരിൽ മോഹൻ ലാലിന്റെ ഫോട്ടോകൾ നിറഞ്ഞിരിക്കുന്നു. ഒപ്പം പൂമ്പാറ്റകളുടെയും. മേശവലിപ്പിൽ നിന്നും അവനൊരു ഫയൽ എടുത്തു കാണിച്ചു. എന്റെ കത്തുകൾ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന അവൻ. അത് കിട്ടിയ തിയ്യതിയും, കൈപറ്റിയ സമയവും ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു!

വിഭവ സമൃദ്ധമായ ഊണ്‍ തയാർ. വാഴയിലയിൽ വിളമ്പിയ ചോറ് ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ശുദ്ധ വെജിറ്റെറിയൻ. കണ്ണിമാങ്ങ അച്ചാറിന്റെ രസം ഇപ്പോഴും നാവിൻ തുമ്പത്ത്.

അടുത്ത് തന്നെ ഉണ്ണിയും, അമ്മയും, മുത്തശ്ശിയും, പെങ്ങന്മാരും എന്റെ വീട്ടിലേക്ക് വരാമെന്നേറ്റു.

എന്റെ ഉണ്ണി ഉത്തരവാദിത്തബോധമുള്ളവനായിരുന്നു. അവൻ അധ്വാനിയായിരുന്നു. കുടുംബത്തിന്റെ ഭാരം അവന്റെ ചുമലിലായിരുന്നല്ലോ! അത് വഹിക്കാൻ അവൻ മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. അവന് എന്റെ വീട്ടിൽ വരാൻ സമയം കിട്ടിയില്ല.

ഗൾഫ് ഒരു സ്വപ്നമായിപ്പോലും കൂടെ ഇല്ലാതിരുന്ന സമയത്താണ് വിസ വന്നത്. അതിന്റെ കാലാവധി തീരാനാവുന്നതുവരെ അത് സ്റ്റാമ്പ് ചെയ്യാതെ കാത്തിരുന്നു. നിർബന്ധസാഹചര്യത്തിൽ കയറിപ്പോരാൻ തീരുമാനിച്ചു. ഉണ്ണിയെ വിളിച്ചുപറഞ്ഞു. അവൻ എല്ലാവരെയും കൂട്ടി  എന്റെ യാത്രാദിവസത്തിന്റെ  തലേന്നുതന്നെ വീട്ടിൽ വരുമെന്ന് ഉറപ്പുപറഞ്ഞു. ഉറപ്പു വരുത്താൻ പിറ്റേന്നും വിളിച്ചു. അമ്മ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നുണ്ടെന്നും അതും കൊണ്ട് വരാമെന്നും പറഞ്ഞു. വൈകുന്നേരമായിട്ടും ഉണ്ണി വന്നില്ല. അങ്ങോട്ട്‌ വിളിച്ചുനോക്കി. ഉണ്ണിക്ക് അപസ്മാരം വന്നു. വീണു നെറ്റിപൊട്ടി, സ്റ്റിച്ച് ഇട്ടിരിക്കുകയാണത്രെ!!

ദൈവമേ! എന്ത് ചെയ്യും ഈ സമയത്ത്?  പുലർച്ചെക്ക് തന്നെ എയർപോർട്ടിൽ എത്തണം.അതിനിടയിൽ ബന്ധുവീടുകളിലെ പ്രായമായ ആളുകളെ ചെന്ന് യാത്രചോദിക്കാനുണ്ട്. ഉണ്ണിയെ ചെന്നുകാണാൻ പറ്റിയില്ല. ദു:ഖം നെഞ്ചിലൊതുക്കി പോരേണ്ടിവന്നു.

സൗദിയിൽ നിന്നും കത്തിടപാടുകൾ തുടർന്നു. ഉണ്ണി നന്നായി എഴുതിക്കൊണ്ടേയിരുന്നു. വിരസമായ പ്രവാസജീവിതത്തിന്റെ നാളുകളിൽ അവന്റെ മനോഹരമായ കുറിമാനങ്ങൾ വല്ലാത്ത ആശ്വാസം പ്രദാനം ചെയ്തു. ഏകാന്തത കൂട്ടിനു വരുമ്പോൾ ആ അക്ഷരങ്ങൾ ആവർത്തിച്ചു വായിക്കും.

ഇടയ്ക്കിടയ്ക്ക് ഫോണിൽ സംസാരിക്കും. പക്ഷെ, കത്തുകൾ എഴുതുന്നതാണ് കൂടുതൽ ഹൃദ്യം എന്ന തിരിച്ചറിവിൽ ഞാൻ വിളി കുറച്ചു.

അതിനിടെ ഒരിക്കൽ ഉണ്ണിയെ വിളിച്ചു. അന്നവൻ ഏറെ ദു:ഖിതനായിട്ടാണ് തോന്നിയത്. നിനക്ക് എന്തുപറ്റിയെടാ എന്ന ചോദ്യത്തിന് ഒന്നൂല്ല്യ, നൗഷാദു എന്നവൻ പ്രതിവചിച്ചു. പക്ഷെ, എനിക്കവനെ അറിയാലോ! ഞാൻ കാര്യം തിരക്കി. ഉണ്ണി ഒഴിഞ്ഞുമാറി. ഫോണ്‍ വെക്കാൻ നേരം, "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. നീ അടുത്ത ആഴ്ച വിളിക്കുമോ?" അത് പറയുമ്പോൾ ഉണ്ണിയുടെ വാക്കുകളിലെ ഇടർച്ച അന്നേരം എനിക്ക് തിരിച്ചറിയാൻ ആയില്ല. ഞാൻ വിളിക്കാമെന്നേറ്റു.

പുതിയ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അടുത്ത ആഴ്ച ഉണ്ണിയെ വിളിക്കാൻ പറ്റിയില്ല. പിന്നെയും ഒന്നു രണ്ടാഴ്ചകൾ കടന്നുപോയി. അതിനിടെ, ഒരു പുലർച്ച നേരം ഉണ്ണിയെ സ്വപ്നത്തിൽ ദർശിച്ചു. ഒരു ദു:സ്വപ്നം. ഞെട്ടിയുണർന്നു. പരിസരബോധം മറന്നു ഞാൻ നിലവിളിച്ചു. ഉണ്ണിയുടെ സ്റ്റുഡിയോ തുറക്കുന്ന സമയം വരെ അക്ഷമയോടെ കാത്തിരുന്നു. തൊട്ടടുത്ത കടയിലേക്ക് വിളിച്ചു. പരിചിത ശബ്ദം തന്നെയാണ് ഫോണ്‍ എടുത്തത്. ഉണ്ണിയെ ചോദിച്ചു. ഫോണിന്റെ അങ്ങേതലക്കൽ നിന്നും ലഭിച്ച മറുപടി വിദ്യുത് തരംഗങ്ങളായി ചെവിയിലൂടെ ഇടനെഞ്ചിലേക്ക് വ്യാപിച്ചു. ഞാൻ മരവിച്ച് താഴെവീണു. ഉണ്ണി അന്ന് പറഞ്ഞപോലെ, നക്ഷത്രങ്ങൾ ചുറ്റിലും അതിവേഗതയിൽ കറങ്ങുന്നു. പിന്നെ കണ്ണിൽ ഇരുട്ടു പടരുന്നു. എന്റെ ഉണ്ണി മരിച്ചുപോയിരിക്കുന്നു. അല്ല. അവൻ മരണത്തിന്റെ വഴി സ്വയം തെരഞ്ഞെടുക്കുകയായിരുന്നുവത്രേ! കല്യാണിലെ, തന്റെ ചേച്ചിയുടെ വീടിനു സമീപത്തെ മരക്കൊമ്പിൽ!!! അന്നത്തെ നവംബർ 29 ന്.

കേട്ടതെല്ലാം ഒരു സ്വപ്നമായാൽ മതിയായിരുന്നു എന്ന പ്രാർഥനയോടെ കുറച്ചുദിവസങ്ങൾ മരവിച്ച മനസോടെ കഴിച്ചുകൂട്ടി. നിശയുടെ നിശബ്ദതയിൽ ദയാലുവായ ദൈവത്തോട് പ്രാർഥിച്ചു. നെഞ്ചിടിപ്പോടെ ആ കടയിലേക്ക് ഒന്നുകൂടി വിളിച്ചു. അപ്പുറത്ത് റിംഗ് ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. അന്നു കേട്ടവാർത്ത അസത്യമാവണേ എന്ന് പ്രാർഥിച്ചുകൊണ്ടേയിരുന്നു. വിധിയും കൊതിയും തമ്മിൽ വൈരുധ്യമുണ്ടാകുമ്പോൾ വിധി മേൽക്കൈ നേടുമെന്ന തിരിച്ചറിവിൽ എനിക്ക് യാഥാര്‍ത്ഥ്യ ബോധം വീണ്ടെടുക്കേണ്ടി വന്നു. ഉണ്ണിയുടെ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. അവർ മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണ്. ഇവിടെ അവർ വാടക വീട്ടിലായിരുന്നു താമസം. അതൊഴിഞ്ഞുകൊടുത്താണ് മകളുടെ അടുത്തേക്ക് പോയിരിക്കുന്നത്! വേറെ ഒരു വിവരവും ആർക്കും അറിയില്ലത്രേ!

എന്റെ പഴയ കമ്പനിയുടെ അഡ്രസിൽ എനിക്കൊരു കത്ത് വന്നുകിടക്കുന്ന കാര്യം മുൻ സഹപ്രവർത്തകൻ അബ്ദുള്ള വിളിച്ചറിയിച്ചു. ഞാൻ അവിടെ ചെന്ന് കത്തുവാങ്ങി. ഉണ്ണിയുടെ കത്ത്. പതിവിനു വിപരീതമായി തീരെ കനംകുറഞ്ഞ കത്തുകവർ.

വിറയ്ക്കുന്ന കൈകളോടെ ഞാനത് തുറന്നു വായിച്ചു.

"നൗഷാദു, നീ വിളിക്കുമെന്ന് പ്രതീക്ഷിച്ചു, കുറെ കാത്തിരുന്നു. തിരക്കായിരിക്കും എന്നറിയാം. എന്നെ വെറുക്കരുത്. എന്നോട് പൊറുക്കണം. എനിക്ക് ഇനി 'അവനു'മായി പൊറുക്കാൻ ആവില്ല. ഈ അടുത്ത നാളുകളിൽ പലവട്ടം അവൻ വന്നു. ഒരിക്കൽ ബസ്റ്റാന്റിൽ എന്റെ പഴയ സഹപാഠികളുടെ  മുൻപിൽ ക്രൂരതയുടെ മുഖം കാണിച്ച് അവൻ വന്നു. ഇനി ആവില്ല. വെറുക്കരുത്, ട്ടോ. - കണ്ണീർ" - അപസ്മാരത്തിന്റെ തീക്കനലുകൾ വ്യാളീരൂപം പ്രാപിച്ച് ആക്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു, ഉണ്ണിയെ. :(

കണ്ണുനീർ ഉരുൾ പൊട്ടിയ ആ നിമിഷത്തിൽ ഞാൻ തകർന്നുപോയി. ഉണ്ണിക്ക് അന്ന് വിളിച്ചിരുന്നെങ്കിൽ ഒരു സാന്ത്വനസ്പര്ശത്തിലൂടെ എനിക്കവന് ആത്മവിശ്വാസമേകാൻ കഴിയുമായിരുന്നില്ലേ?  എന്തായിരുന്നു ഞാൻ അന്ന് അങ്ങനെ ചെയ്യാതിരുന്നത്?

എനിക്കറിയില്ല. അറിയാത്ത കാര്യം ഞാൻ എങ്ങനെ പറയും? 

മഹാരാഷ്ട്രത്തിലെ പേരറിയാത്ത ആ പട്ടണത്തിൽ അമ്മയും, അച്ഛമ്മയും, ആ കുഞ്ഞുങ്ങളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും. ആ കുട്ടികളുടെ മുഖത്തെ പാൽനിലാ പുഞ്ചിരി ഇപ്പോഴും അതുപോലെ ഉണ്ടാകുമോ? അതും അറിയില്ല. അറിയാത്ത കാര്യം എനിക്കെങ്ങനെ പറയാൻ കഴിയും?


ഉണ്ണീ..., മാപ്പ്!



Monday, August 12, 2013

വഹ്ബയിൽ ഒരു തണുപ്പുകാലത്ത്

സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ ത്വാഇഫ് നഗരത്തിൽനിന്നും ഇരുനൂറ്റിഅന്പത് കി.മീ. അകലെ, മരുഭൂമിയുടെ 'വന്യത'യില്, ലാവപ്പാടങ്ങൾ വലംവെച്ചുനില്ക്കുന്ന കൊച്ചുകുന്നുകൾക്കും, ചരൽക്കല്ലുകൾ വിരിപ്പുതീർത്ത സമതലങ്ങൾക്കും നടുവിൽ, 260 മീ. താഴ്ചയിൽ, രണ്ടു കി.മി. ചുറ്റളവിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു ദൃശ്യവിസ്മയമാണ്, വഹ്ബ ക്രെയ്റ്റര്.
Image courtesy: Arab News
2008 ലെ ഒരു ശൈത്യ കാലത്താണ് വഹ്ബയിലേക്ക് പോയത്. നൗഫലും, സാജിദും, അഷ്റുവും, സദ്‌റുമായിരുന്നു സഹയാത്രികർ. ത്വാഇഫ് ഹൈവേയിൽ നിന്നും തിരിഞ്ഞ് വഹ്ബയെ ലക്‌ഷ്യം വച്ച് പോകവേ റോഡിനിരുവശങ്ങളിലും സാമാന്യം വലിപ്പമുള്ള വെള്ളാരം കല്ലുകൾ ചിതറിക്കിടക്കുന്നത് ചേതോഹരമായൊരു ആകര്ഷക്കാഴ്ചയാണ്.കളിക്കൂട്ടുകാരോടൊപ്പം വീട്ടിലെയും, അയല്പക്കങ്ങളിലെയും പറമ്പുകളിൽ വെള്ളാരംകല്ലുകൾ തേടിയലഞ്ഞിരുന്ന, തേടിയലയവേ കല്ലു കോറി കാലിൽ മുറിവ് പറ്റിയിരുന്ന കുട്ടിക്കാലത്തെ ഓർമകൾ ഓര്മയുടെ മുറിവിൽ നിന്ന് ഒരുമാത്ര പതുക്കെ ഒലിച്ചിറങ്ങി.
ക്രെയ്റ്ററിനു സമീപത്തുള്ള ഒരു ഗ്രാമത്തിലെത്തി. ഉച്ചഭക്ഷണത്തിന്റെ നിശ്ചിതസമയം പിന്നിട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഭക്ഷണം കഴിച്ചിട്ടില്ല. സമീപത്തുകണ്ട 'മന്തി' റെസ്റ്റോറന്റിൽ കയറി, ഭക്ഷണം കഴിച്ചു. ദൂരയാത്രയിലെ മുന്തിയ ഭക്ഷണമാണ് മന്തി.
കൈയിലുള്ള മാപിൽ വഹ്ബയുടെ ദിശ പരിശോധിച്ചു. നേരെ ചെന്നെത്തിയത് മണ്‍മതിൽ അതിരുകെട്ടിയ എട്ടു പത്ത് കൊച്ചു കൊച്ചു വീടുകൾ ഉള്പ്പെടുന്ന ഒരു സ്ഥലത്ത്. അപരിചിത വാഹനത്തിലെ വിദേശികളെകണ്ടപ്പോൾ മധ്യവയസ്കനായ ഒരറബിയും, കൗമാരപ്രായം വിട്ടിട്ടില്ലാത്ത കുറച്ചു കുട്ടികളും ഞങ്ങളുടെ അടുത്തേക്ക് വന്നു. മനസ്സിലെ ഭീതി ഒളിപ്പിച്ചുവെച്ച് ഞങ്ങള് സലാം പറഞ്ഞു. അയാളുടെ മുഖത്തെ ഗൗരവഭാവത്തിനു അയവുവന്നത് ശ്രദ്ധിച്ചു. അറിയുന്ന അറബി ഭാഷയുടെ ആനുകൂല്യത്തിൽ, ആംഗ്യഭാഷകളുടെ പിന്ബലത്തില് ആഗമനോദ്ദേശ്യം അദ്ദേഹത്തെ ധരിപ്പിച്ചു. ഞങ്ങളുടെ പദസമ്പത്തിൽ വഹ്ബ ക്രെയ്റ്റര് എന്നതിന്റെ അറബി പദം അന്യമായിരുന്നു. പക്ഷെ, ആംഗ്യഭാഷ ഉപയോഗിച്ചാലും, വികൃതമായ അറബി പറഞ്ഞാലും ഒരു തദ്ദേശീയനും നിങ്ങളെ പരിഹസിക്കുകയില്ല. അയാള് നിങ്ങൾ പറയുന്നത് ക്ഷമയോടെ കേട്ട് മനസ്സിലാക്കുവാൻ ശ്രമിക്കും. അദ്ദേഹം കൃത്യമായ വഴി പറഞ്ഞുതന്നു.
Photo: Mohammed Nowfal
മരുക്കാറ്റ് അതിശക്തമായി വീശിയടിച്ചുകൊണ്ടിരുന്ന സായന്തനത്തിലാണ് ഭീതിയും, ആഹ്ലാദവും സമംചേർന്നുനിന്ന വ്യത്യസ്തമായൊരു വികാരവായ്പോടെ ഞങ്ങൾ അതിനു സമീപം എത്തിയത്. പടിഞ്ഞാറ്, വിടപറയാൻ ഒരുങ്ങിനില്ക്കുന്ന അർക്കന്റെ അരുണശോഭ. താഴെ, പേടിപ്പെടുത്തുന്ന പാറക്കൂട്ടങ്ങൾക്കുമപ്പുറം, ഉപ്പുപാടംപോൽ തോന്നിപ്പിക്കുന്ന വെള്ളപ്പരവതാനികൾക്ക് സ്വർണ്ണനിറം കൈവന്നിരിക്കുന്നു. ഈ യാത്രയുടെ മുന്നൊരുക്കത്തിനിടെ വഹ്ബയെക്കുറിച്ച് വായിച്ചപ്പോൾ വിഷപ്പാമ്പുകൾ വിഹരിക്കുന്ന സ്ഥലമാണിത് എന്ന് കണ്ടിരുന്നു. തല്ക്കാലം ഇപ്പോൾ താഴോട്ടിറങ്ങേണ്ട, നേരം വെളുത്തിട്ടാവാം എന്നു തീരുമാനിച്ചു.
നിരപ്പാർന്ന സ്ഥലങ്ങളിൽ ഒരിടത്ത് ടെന്റ് കെട്ടണം. നേരം വെളുത്തിട്ട് ക്രെയ്റ്ററിലേക്കിറങ്ങണം. ഒരു ചെറിയകുന്നിന്റെ താഴ്വാരത്ത്, സുരക്ഷിതമെന്ന് തോന്നിയൊരിടത്ത് ഞങ്ങൾ വീടുകെട്ടി. ചന്ദ്രനില്ലാത്ത ആകാശം. അകലെ, അകലെ ഓടിക്കൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ വണ്ടികളിൽ നിന്നുള്ള പ്രകാശം കാണായി.

Photo: Mohammed Nowfal
പിറ്റേന്ന് രാവിലെ, ക്രെയ്റ്ററിലേക്ക് ഇറങ്ങുവാൻ വേണ്ടി ഞങ്ങൾ ഒരുങ്ങി. വഴിതേടി വണ്ടിയുമായി ആ ഗർത്തതിനു ചുറ്റും കറങ്ങി. വടക്കുഭാഗത്ത് പച്ചപ്പുകണ്ടു. അവിടെ ഇറങ്ങിനോക്കി. മുള്ളുകൾ പടർന്നുനില്ക്കുന്ന മരങ്ങൾ. ഏതോ ജീവിയുടെ ജീർണ്ണിച്ച ശവശരീരം. ഞങ്ങൾ പിൻവാങ്ങി. പടിഞ്ഞാറ് ഭാഗത്ത് ചുരംപോലെ വളഞ്ഞു പുളഞ്ഞു നില്ക്കുന്ന നേർത്ത രേഖകൾ കാണാം. വഴിയായിരിക്കും. ഞങ്ങൾ വാഹനം ആഭാഗത്തേക്ക് തിരിച്ചു.

പാറക്കെട്ടുകൾക്ക് ഇടയിലൂടെ ആയാസപ്പെട്ടൊരിറക്കം. കാലുതെറ്റിയാൽ താഴെ കരിമ്പാറകൾക്ക് മേലെ നിലംപതിക്കും. ശക്തിയിൽ ആഞ്ഞടിക്കുന്ന കാറ്റ് ബാലൻസ് തെറ്റിക്കാൻ ശ്രമിച്ചുകൊണ്ടെയിരിക്കുന്നു. നന്നായി ശ്രദ്ധിക്കണം! ഒടുവിൽ, അരമണിക്കൂറിലധികം നീണ്ട ശ്രമത്തിനു ശേഷം ഞങ്ങൾ താഴെയെത്തി.
നനഞ്ഞുകുതിർന്നുനില്ക്കുന്ന നിലം. കൈയിൽ ഉണ്ടായിരുന്നു വടികൊണ്ട് പൂണ്ടുപോവില്ലെന്ന് ഉറപ്പുവരുത്തി മുന്നോട്ട് നടന്നു. അല്പം അകലെ, ക്രിസ്റ്റലുകളുടെ തിളക്കം. ഉപ്പുചാക്കുകൾ കെട്ടഴിച്ച് വിതറിയപോലെ. ഹൃദയഹാരിയായ ദൃശ്യം, നയനാനന്ദകരമായ കാഴ്ച. ജീവിതത്തിലെ അത്യപൂർവമായൊരു മുഹൂർത്തത്തിന് നേർസാക്ഷികളാവുകയായിരുന്നു ഞങ്ങൾ. സാഹസികമായൊരു ദൗത്യം എന്നതിനാൽ പലർക്കും അപ്രാപ്യവും, കൂടുതൽ പേർക്കും അജ്ഞാതവുമാണ് 'വഹ്ബ'.
'വഹ്ബ' യുടെ ഉത്ഭവത്തെകുറിച്ച് പ്രധാനമായും രണ്ട് സിദ്ധാന്തങ്ങളാണുള്ളത്‌: ഉല്‍ക്കാപതനം മൂലമാണ് ഇവ ഉണ്ടായത് എന്നാണ് ഒരഭിപ്രായം. മറ്റ് ഉല്‍ക്കാനിര്‍മ്മിത ക്രെയ്റ്ററുകളുമായുള്ള ഇതിന്‍റെ സാദൃശ്യമാണ് ഈ അഭിപ്രായത്തിന് കാരണം. എന്നാല്‍ ഭൂഗര്‍ഭ അഗ്നിപര്‍വ്വത വിസ്ഫോടനമാണ് ഈ ക്രെയ്റ്ററിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് ഇന്ന് ഏതാണ്ടെല്ലാ ഭൌമശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. അതിവിസ്തൃതമായ ദ്രവ-ശിലാപാടത്താല്‍ (lava field) ചുറ്റപ്പെട്ടു കിടക്കുന്ന ഇതിന്‍റെ അവസ്ഥ ഈ അഭിപ്രായത്തിന് ആക്കം കൂട്ടുന്നു.
നിരപ്പിൽ നിരന്നുകിടക്കുന്ന ക്രിസ്റ്റലുകൾ രുചിച്ചുനോക്കാനാഞ്ഞു. കൂട്ടത്തിലാരോ പറഞ്ഞു, 'വേണ്ട, ഒരു പക്ഷെ ഇത് സയനേഡ് ആണെങ്കിലോ!! നീട്ടിയ കൈ പിന്നോട്ട് വലിച്ചു. ഒരു പക്ഷെ, ശരിയാണെങ്കിലോ?
Photo: M. Nowfal
സൂര്യന്റെ ചൂടിന് കടുപ്പം കൂടിവരുന്നുണ്ട്. ശക്തികുറഞ്ഞ കാറ്റുവീശുന്നുണ്ട്. കുറച്ചു ദൂരെ, വടക്കുഭാഗത്തുള്ള ചെറിയൊരു പാറക്കൂട്ടത്തിനു പിറകിൽ നിന്നെന്നു തോന്നി, ഒരു സംഗീതസ്വരം കേൾക്കായി. പുരാതനമായ ഏതോ ഉപകരണത്തിൽ നിന്നും പുറപ്പെടുന്ന ആദിഗീതം പോലെ.
സാജിദ് ഓർത്തെടുത്തു, ഏതോ ഒരു ജാപനീസ് സിനിമയിൽ ഒരു രംഗമുണ്ട്. ഒരു വനത്തിൽ എത്തിയ ടൂറിസ്റ്റുകൾ പൊടുന്നനെ ഒരു പാട്ടുകേള്ക്കുന്നു. പാട്ടിന്റെ ഉറവിടം തേടി അവർ ചെന്നെത്തിയത് ഒരു ഗുഹാമുഖത്ത്‌. ഗുഹയ്ക്കകത്ത് വിചിത്രമായ കൈകാലുകൾ ഉള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നുണ്ടായിരുന്നു! ഞങ്ങളുടെ ഉദ്വേഗം വര്ദ്ധിച്ചു. പാറക്കൂട്ടങ്ങൾക്ക് പിറകില്നിന്നും പുല്ലാങ്കുഴൽ വായിക്കുന്ന ആളെ തേടി ഞങ്ങൾ ഒന്നിച്ചുനടന്നു. പക്ഷെ, അവിടെയെത്തവെ,ആ ശബ്ദം ദൂരെമാറി പാറയുടെ എതിർവശത്തുനിന്നും കേള്ക്കാനായി.
Photo: Mohammed Sajid
ആ സംഗീതാനുഭവം ഇപ്പോഴും ഒരു സമസ്യയായി ഓർമയിൽ വീണമീട്ടിക്കൊണ്ടെയിരിക്കുന്നു.കാറ്റു സൃഷ്ടിച്ച ശബ്ദവീചികളാകാം. വായു ദൂരെയെവിടെ നിന്നോ കൊണ്ടുവന്ന വായ്പാട്ടാകാം...!
Related Posts Plugin for WordPress, Blogger...
 
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്