Tuesday, May 8, 2012

അങ്കിള്‍, എന്‍റെ ഉമ്മയെ കണ്ടുവോ?



റമദാനിലെ ഉംറ കര്‍മം ഹജ്ജിനു തുല്യമെന്നൊരു പ്രവാചക വചനമുണ്ട്. തിരുമൊഴി പ്രദാനം ചെയ്യുന്ന ആവേശം വ്രതമാസം ഒന്നുതൊട്ടേ 'ശല്യ'പ്പെടുത്തുന്നുണ്ട്. അത് ഇരുപത്തിയൊന്ന് നോമ്പ് വരെ തുടര്‍ന്നു. ഇനി കാത്തിരിക്കാനാവില്ല; തീര്‍ഥാടനം തീരുമാനിക്കപ്പെട്ടു.

ഉഷ്ണം വിട്ടുമാറിയിട്ടില്ലാത്ത ആ വ്രതസന്ധ്യയില്‍, അധികമൊന്നും പഴക്കംതോന്നിക്കാത്ത മെഴ്സിഡെസ് ബസില്‍ വിശുദ്ധ മക്കയിലേക്ക് യാത്രയായി. മുന്‍ യാത്രകളില്‍ മിക്കതിലുമെന്നപോലെ ഇത്തവണയും സഹയാത്രികനായി പ്രിയസുഹൃത്ത് സിയാദുണ്ട്. സ്ത്രീകളും, കുട്ടികളുമടക്കം നാല്പതോളം പേര്‍ വേറെയുമുണ്ട്, കൂട്ടത്തില്‍. ഉംറയുടെ ധര്‍മവും, കര്‍മങ്ങളും വിശദീകരിച്ചുകൊണ്ടുള്ള സംഘത്തലവന്‍റെ   പ്രഭാഷണം യാത്രയുടെ ആത്മീയചൈതന്യം നൈരന്തര്യമാക്കുന്നതില്‍ ഏറെ സഹായിച്ചു. പാരാവാരംപോലെ പരന്നുകിടക്കുന്ന മണലാരണ്യത്തെ കീറിമുറിച്ചു മുന്നേറുന്ന മക്കയിലേക്കുള്ള പാതയിലെ ഒരു വഴിയമ്പലത്തില്‍ വണ്ടി നിറുത്തി. നോമ്പ് തുറക്കുവാനുള്ള സമയമാണിത്. കരുതിവെച്ച ഈത്തപ്പഴവും, കരുതലോടെ സൂക്ഷിച്ചുവെച്ചിരുന്ന 'കബ്സ'യും, ശീതളപാനീയങ്ങളും അകത്താക്കി. നമസ്കാരവും കഴിഞ്ഞ് യാത്ര തുടര്‍ന്നു...

പ്രഭാതനമസ്കാരത്തിന് മക്കയില്‍ എത്തണമെന്നാണ് പ്ലാന്‍. ഈജിപ്ഷ്യന്‍ ഡ്രൈവര്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തുന്നത് കൂടുതല്‍ ശക്തിയിലാക്കി. പാതയോരത്തെ നാഴികബോര്‍ഡില്‍ മക്കയിലേക്കുള്ള ദൂരം 800 കി.മീ. എന്ന് കണ്ടു. 'അമീര്‍' പ്രഭാഷണത്തിലാണ്. യാത്രികന്‍റെ  പ്രാര്‍ത്ഥന എളുപ്പം സ്വീകരിക്കപ്പെടും എന്ന നബിവചനത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. മനസ്സില്‍ സ്നേഹനിധികളായ മാതാപിതാക്കളുടെ മുഖം തെളിഞ്ഞു. ഹൃത്തടം അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളാല്‍ നിറഞ്ഞു. മിഴികള്‍ നിറഞ്ഞതോ, കണ്ണുനീരിനാലും!

കണ്ണുകളില്‍ ഊഞ്ഞാലുകെട്ടിക്കൊണ്ടാണ് നിദ്രാദേവിയുടെ പ്രലോഭനം. ആ പ്രലോഭനത്തില്‍ നിന്നും വഴുതിമാറാന്‍ കഴിയാതിരുന്ന ഏതോ ഒരു ദുര്‍ബലസന്ധിയില്‍ നിദ്രയിലേക്ക് വഴുതിവീണു...

ഏതോ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്.നോക്കുമ്പോള്‍ ബസിനകത്ത് സ്ത്രീകളുടെ കൂട്ടനിലവിളി. സഹയാത്രികരില്‍ ചിലര്‍ വെളിയില്‍ പരക്കംപായുന്നു. ചിലര്‍ വിന്‍ഡോഗ്ലാസുകളിലടിച്ച് യാത്രക്കാരെ ഉണര്‍ത്തുന്നു. വെള്ളക്കുപ്പികളുമായി ബസിന്‍റെ പിന്നിലേക്ക് ചിലര്‍ ഓടുന്നത് കണ്ടപ്പോഴാണ് കാര്യത്തിന്‍റെ ഗൌരവം ബോധ്യപ്പെട്ടത്. വാഹനത്തിന്‍റെ പിന്‍ഭാഗത്തിന് തീപിടിച്ചതാണ്. തീ ഏതാണ്ട്‌ കെട്ടടങ്ങിയിട്ടുണ്ട്.

മുന്‍വശത്തെ പാതിയടഞ്ഞ വാതിലിലൂടെ ആയാസപ്പെട്ട് പുറത്തിറങ്ങി. വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസവും, ഭയാനകമായ മുഹൂര്‍ത്തത്തിനു സാകഷ്യം വഹിച്ചതിന്‍റെ ഭീതിയും സൃഷ്ടിച്ച സമ്മിശ്രവികാരങ്ങള്‍ അവരുടെ മുഖങ്ങളില്‍ പ്രകടമാണ്. ഒന്നും സംഭവിക്കാത്ത മട്ടില്‍ വണ്ടിക്കു മുമ്പില്‍ കിടക്കുന്നുണ്ട് ഡ്രൈവര്‍. അയാളുടെ സെല്‍ഫോണില്‍ നിന്നും ഏതോ അറബ് ഗാനത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്‌..
ഈ വാഹനത്തില്‍ ഇനി യാത്രചെയ്യുവാന്‍ ആവില്ല. പകരം വാഹനം ജിദ്ദയില്‍ നിന്നും വന്നിട്ടേ, യാത്രതുടരുവാനൊക്കൂ. വലിയ കാര്‍പറ്റുകള്‍ വിരിച്ച് ഞങ്ങള്‍ കിടന്നു. മുകളില്‍ ശൂന്യമായ ആകാശം; താഴെ മരുഭൂമി. യാത്രയിലെ പ്രതിബന്ധങ്ങളെയും, പ്രയാസങ്ങളെയും വിശദീകരിക്കവേ, 'യാത്ര നരകത്തില്‍ നിന്നുള്ളൊരു കഷ്ണമാണ്' എന്ന് നബി പറഞ്ഞതിന്‍റെ അര്‍ത്ഥവ്യാപ്തി കൂടുതല്‍ ബോധ്യമാവുകയായിരുന്നു.

കിടക്കുമ്പോള്‍ സിയാദ് ഒരു സംഭവം വിവരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീപിടിക്കുന്നത് മറ്റുവാഹനങ്ങള്‍ നല്‍കിയ സൂചനകളിലൂടെയാണ്‌ ഡ്രൈവര്‍ അറിഞ്ഞത്. അയാള്‍ വാഹനം നിര്‍ത്തി, ആളുകളോട് ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. യാത്രികര്‍ നല്ല ഉറക്കിലായിരുന്നു. ബസിന്‍റെ വാതില്‍ പാതിമാത്രമേ തുറക്കുവാന്‍ കഴിഞ്ഞുള്ളു. വല്ലാത്തൊരു പ്രതിസന്ധിഘട്ടം! അവന്‍ ആളുകളെ വിളിച്ചുണര്‍ത്താന്‍ ഒച്ചവെച്ചു. എന്നിട്ട്, ഡ്രൈവറുടെ ഹാഫ്ഡോറിലൂടെ പുറത്തേക്ക് ചാടി. കൈയിലെ ബോട്ടില്‍ വെള്ളം കൊണ്ട് തീകെടുത്തുവാന്‍ ശ്രമിച്ചു. ഉറക്കമുണര്‍ന്ന മറ്റുചിലരും പുറത്തേക്കുചാടി. വെള്ളവും, മണലും ഉപയോഗിച്ച് തീകെടുത്തി. അതിനിടയില്‍, പാതിമാത്രം തുറക്കുവാന്‍ പറ്റിയ വാതിലിനിടയിലൂടെ ഊര്‍ന്നിറങ്ങുവാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട ഒരുസ്ത്രീ തന്‍റെ കൈയിലുള്ള കുട്ടിയെ പുറത്തുള്ള സിയാദിന്‍റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു. സ്വന്തം ജീവന്‍പോലും തൃണവൽഗണിച്ച്, തന്‍റെ കുഞ്ഞിന്‍റെ സുരക്ഷിതത്വം മാത്രം സ്മൃതിയിലെടുത്ത ആ മാതൃത്വത്തിന്‍റെ സമാനതകളില്ലാത്ത ത്യാഗമന:സ്ഥിതിയും, സീമകളില്ലാത്ത കാരുണ്യവും വിശദീകരിക്കപ്പെട്ടപ്പോള്‍ സജലമായി, കണ്ണുകള്‍. ഒരു നിശ്വാസത്തോടെ കണ്ണുകള്‍ തുടച്ചു; പ്രാര്‍ഥനകളോടെ കണ്ണുകള്‍ അടച്ചു
***********************************************************************************

പിറ്റേന്ന് ഉച്ചയോടെ, പകരംവന്ന ബസില്‍ മക്കയിലേക്ക് യാത്രയായി. ത്വാഇഫിലെത്തി, സ്നാനം ചെയ്തു, ശുഭ്രവസ്ത്രം ധരിച്ച് 'ഇഹ്റാമി'ല്‍ പ്രവേശിച്ചു. വിശുദ്ധഭൂമിയിലേക്കിനി ഒരു മണിക്കൂര്‍ ദൂരമുണ്ട്. 'ലബ്ബൈക്കി'ന്‍റെ മന്ത്രധ്വനികളാല്‍ മുഖരിതമാണ് അന്തരീക്ഷം.

കണ്ണെത്തുംദൂരത്ത് വിശുദ്ധഹറമിന്‍റെ മിനാരങ്ങളുടെ ഹൃദയാവര്‍ജകമായ ദൃശ്യം കാണായി.. കര്‍ണ്ണപുടങ്ങളില്‍ ഇശാബാങ്കിന്‍റെ ശ്രവണസുന്ദരമായ ഒലികള്‍ കേള്‍ക്കായി... ആത്മാവില്‍ അനിര്‍വചനീയമായ അനുഭൂതികള്‍. ഏവരുടെയും ചുണ്ടുകളില്‍ ദൈവത്തിന്‍റെ അപദാനങ്ങള്‍. ഭക്തിയുടെ മറവില്‍ സ്വയം മറക്കുന്നു, പുരുഷാരം. ആത്മനിര്‍വൃതിയില്‍ സ്വയം ലയിക്കുന്നു, ഭക്തജനം. ജീവിതത്തിലെ അവിസ്മരണീയമായ, അമൂല്യമായ നിമിഷങ്ങള്‍...! ഞങ്ങള്‍ കഅബാലയത്തോട് അടുക്കുകയാണ്...

കഅബാലയത്തിന്‍റെ പ്രദക്ഷിണവഴിയില്‍ ആത്മസായൂജ്യത്തിന്‍റെ തേട്ടത്തിലാണ് ഞങ്ങള്‍. ചില പ്രാര്‍ഥനകള്‍ ഉരുവിട്ടും, കീര്‍ത്തനങ്ങള്‍ ചൊല്ലിയും സപ്തവട്ടം പൂര്‍ത്തിയാക്കണം. അസാമാന്യ തിരക്കെങ്കിലും തീര്‍ഥാടകപ്രവാഹത്തില്‍ ഒരുതുള്ളിയായ് സ്വയം മാറുമ്പോള്‍, തിരക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ അഭൌമമായൊരു സ്വാസ്ഥ്യത്തിന്‍റെ വെളുത്ത പുടവ ധരിക്കും.
കഅബാലയത്തിലെ 'കറുത്തശില'യൊന്നു മുത്തുവാന്‍ ഏഴുവട്ടവും ശ്രമിച്ചു. വിഫലമായിരുന്നു, സപ്തശ്രമവും!


ത്വവാഫ് പൂര്‍ത്തിയാക്കി, രണ്ടു റകഅത്ത് നമസ്കരിച്ച്, ശീതീകരിച്ച സംസംജലം നുകര്‍ന്ന്, സ്വഫാകുന്ന് ലകഷ്യമാക്കി ഞങ്ങള്‍ നടന്നു. ഇനി സ്വഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ നടത്തമുണ്ട്. പെട്ടെന്ന്‌ എന്‍റെ കൈ ആരോ മുറുകെപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കൊച്ചുബാലന്‍. അഞ്ചെട്ട് വയസ്സ് പ്രായം തോന്നിക്കും. പേടിച്ചരണ്ട മുഖം; ചുവന്നു കലങ്ങിയ കണ്ണുകള്‍. ഒലിച്ചിറങ്ങിയ കണ്ണുനീര്‍ അവന്‍റെ മുഖത്ത് ചാലുകള്‍ തീര്‍ത്തിട്ടുണ്ട്. കുട്ടി ഏതുനാട്ടുകാരനാണെന്നറിയാതെ, ഏതു ഭാഷയില്‍ അവനോടു സംസാരിക്കുമെന്ന് ഒരുമാത്ര ശങ്കിച്ചു നില്‍ക്കവേ, അവന്‍ ചോദിച്ചു: "അങ്കിള്‍, എന്‍റെ ഉമ്മയെ കണ്ടുവോ; എന്‍റെ ഉപ്പയെ കണ്ടുവോ?" പൊട്ടാന്‍ പോകുന്ന അണക്കെട്ടുപോലെയാണ് അവന്‍റെ മുഖം, പൊട്ടിക്കരച്ചിലിന്റെ അതിര്‍ത്തിരേഖയിലാണ് അവനുള്ളത്.




കുട്ടി കൂട്ടംതെറ്റിയതാണെന്ന് മനസ്സിലായി. പേര് ചോദിച്ചു. അവന്‍ പറഞ്ഞു: ഷാഹിദ്.
വിശുദ്ധ ഹറമില്‍ വെച്ച് കാണാതായ രണ്ട് വയസ്സുകാരന്‍റെ ചിത്രസഹിതമുള്ള വാര്‍ത്ത ഈമെയിലുകളില്‍ ഫോര്‍വാര്‍ഡ്‌ ചെയ്യപ്പെട്ടിരുന്നത് ഓര്‍ത്തു. ഹജിനിടെ കാണാതായ ഒരു കുട്ടിയെ ജിദ്ദയില്‍ അനധികൃത താമസക്കാരില്‍ നിന്നും പിന്നീട് പോലീസ് വീണ്ടെടുത്ത വാര്‍ത്ത വായിച്ചതും ഓര്‍മകള്‍ക്ക് ചുറ്റും പ്രദക്ഷിണം ചെയ്തു. ഞാനവനെ എന്നിലേക്ക് കൂടുതല്‍ചേര്‍ത്തുപിടിച്ചു. ഉപ്പയെയും, ഉമ്മയും കണ്ടുപിടിക്കാമെന്ന് ഉറപ്പുകൊടുത്തു. കുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു.

ഉപ്പയുടെ ഫോണ്‍ നമ്പര്‍ അവനറിയില്ല. മാതാപിതാക്കളോടൊപ്പം ദമ്മാമില്‍ നിന്നും ഉംറ നിര്‍വഹിക്കുവാന്‍ വന്നതാണ്. "നാട്ടിലെ ഏതെങ്കിലും നമ്പര്‍ മോനറിയുമോ?" -"ഉവ്വ്, വല്യുപ്പയുടെ നമ്പര്‍ അറിയാം" അവന്‍ പ്രതിവചിച്ചു. ഞങ്ങള്‍ മാര്‍ബിള്‍ തറയിലിരുന്നു. ഷാഹിദ് എന്നിലേക്ക് കുറച്ചുകൂടി ചേര്‍ന്നിരുന്നു. കൂടെയുള്ള നവാസ് ഒരു മിഠായി അവനു നല്‍കി. സ്നേഹത്തിന്‍റെ മധുരം. ഷാഹിദ് പുഞ്ചിരിക്കുവാന്‍ ശ്രമിച്ചു. നാട്ടിലെ നമ്പറിലേക്ക് ട്രൈ ചെയ്തു. അവിടെ പാതിരാകഴിഞ്ഞിട്ടുണ്ട്. അവരുറങ്ങുകയാവും; ഫോണ്‍ എടുക്കുന്നില്ല. കുട്ടി ആകാംക്ഷയോടെ എന്നെ നോക്കുന്നു, പിന്നെ നിരാശയോടെ താഴോട്ടേക്കും. ആവശ്യം അവശ്യമാകുന്ന വേളയില്‍ ഔചിത്യബോധത്തോട് ക്ഷമാപണംനടത്താനേ നിവൃത്തിയുള്ളൂ. വീണ്ടും വിളിച്ചു. ഉറക്കച്ചടവില്‍, പതിഞ്ഞസ്വരത്തില്‍, 'ഹലോ' വിളി കേട്ടു. വിറയാര്‍ന്നൊരു വയോധികശബ്ദം. മക്കയിലെ കഅബയുടെ ചാരത്തുനിന്നാണ് വിളിക്കുന്നതെന്നും, നിങ്ങളുടെ ചെറുമകന്‍ ഷാഹിദ് ത്വവാഫിനിടെ കൂട്ടംതെറ്റി ഭാഗ്യത്തിന് ഞങ്ങളെ കണ്ടുമുട്ടി. അവന്‍റെ ഉപ്പയുടെ നമ്പര്‍ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ മോനെ അദ്ദേഹത്തിന്‍റെ അടുക്കല്‍ എത്തിക്കാം. പ്രായംചെന്നൊരാള്‍ക്ക് ആഘാതമാവാത്തരൂപത്തില്‍ പറഞ്ഞൊപ്പിച്ചു. ഉറക്കച്ചടവ് ഒരു നിലവിളിയിലേക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു. വിതുമ്പലുകളില്‍ മുറിഞ്ഞുപോയ വാക്കുകള്‍ക്കിടയില്‍ കുട്ടിക്ക് ഫോണ്‍ നല്‍കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

അവര്‍ സംസാരിച്ചു. തേങ്ങലോടെയുള്ള വര്‍ത്തമാനം. സങ്കടത്തിന്‍റെയും, സന്തോഷത്തിന്‍റെയും, സ്നേഹത്തിന്‍റെയും അശ്രുകണങ്ങള്‍ ആ കൊച്ചുബാലന്‍റെ നയനങ്ങളില്‍ നിന്നും ഉതിര്‍ന്നുവീഴുന്നുണ്ട്. ഫോണ്‍ എനിക്ക് തന്നു. അദ്ദേഹം പറഞ്ഞു: "മോനെ, അവന്‍റെ ഉപ്പയെ കാണുന്നതുവരെ എന്‍റെ കുട്ടിയെ കൈവിടരുതേ.." മകന്‍റെ നമ്പര്‍ തന്നു. ആ നമ്പരിലേക്ക് വിളിച്ചു. കാത്തിരുന്ന വിളിപോലെ, ആദ്യറിംഗ് പൂര്‍ത്തിയാവുന്നതിനു മുന്‍പേ ഫോണ്‍ ആന്‍സ്വര്‍ ചെയ്യപ്പെട്ടു. ഞാന്‍ കാര്യം അവതരിപ്പിച്ചു. ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്‍റെ അടയാളം പറഞ്ഞുകൊടുത്തു: 'മത്വാഫി'ല്‍ നിന്ന് സ്വഫയിലേക്കുള്ള വഴിയിലേക്ക് കയറുന്ന കല്‍പടവുകള്‍ക്കു സമീപം, ത്വവാഫ് ആരംഭിക്കേണ്ട സ്ഥലത്തിനു അടയാളമായുള്ള പച്ചട്യൂബിന് താഴെ ഞങ്ങളുണ്ട്. സമാശ്വാസത്തിന്‍റെ നെടുവീര്‍പ്പ് അങ്ങേത്തലക്കല്‍ നിന്നും എന്‍റെ കാതുകളിലേക്ക് പകരുന്നതായി തോന്നി. സന്തോഷത്തിന്‍റെ പച്ചപ്രകാശം അവരുടെ മുഖങ്ങളില്‍ പ്രസരിക്കുന്നത് കാണുന്നതുപോലെ തോന്നി. അകംഹൃദയത്തിന് അവാച്യമായൊരു കുളിര്‍മ കൈവരുന്നു... ഒരു പക്ഷിക്കൂട്ടം കഅബക്ക് മുകളിലൂടെ  പടിഞ്ഞാറോട്ട് പറക്കുന്നുണ്ട്‌.

മിനുട്ടുകള്‍ക്കകം കുട്ടിയുടെമാതാപിതാക്കള്‍ ഓടിക്കിതച്ചെത്തി. മാതൃത്വത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹവായ്പ് സ്ഥല-കാല ബോധത്തിന്‍റെ അതിര്‍ത്തിരേഖകള്‍ ഭേദിച്ചു. ആ ഉമ്മ കുട്ടിയെ കെട്ടിപ്പിടിച്ച് പൊട്ടി, പൊട്ടിക്കരഞ്ഞു. ബാലനിഷ്കളങ്കതയുടെ വികാരപ്രകടനം നിശബ്ദമായൊരു തേങ്ങലിലേക്ക് തീര്‍ഥാടനം ചെയ്തു. ആ ഉമ്മയും, മോനും കണ്ണുനീരിന്‍റെ സംസംതീര്‍ത്ഥം തീര്‍ത്തു.

കണ്ണുനീരിന്‍റെ ഉപ്പുചൂരുള്ള ഒരുകാറ്റ് വിശുദ്ധ കഅബാലയത്തെ ചുംബിച്ച്, അനേകസഹസ്രം തീര്‍ഥാടകരെ തഴുകി, എന്‍റെ കാതില്‍ ചരിത്രത്തിലെ നിസ്തുലമായൊരു വൈകാരികമുഹൂര്‍ത്തത്തെ ഓര്‍മിപ്പിച്ച് കടന്നുപോയി: അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്, കരിമ്പാറക്കെട്ടുകള്‍നിറഞ്ഞ പര്‍വതങ്ങള്‍ അതിരുതീര്‍ത്ത മക്കയിലെ മരുക്കാട്ടില്‍, ദാഹിച്ചുവരണ്ട തന്‍റെ പിഞ്ചുപൈതലിന്‍റെ കരളുപിളര്‍ക്കും കരച്ചില്‍ സഹിക്കവയ്യാതെ, സഹായംതേടി ഓടിത്തളര്‍ന്ന ഹാജറായെന്ന ഉമ്മയുടെയും, ഇസ്മായീല്‍ എന്ന കുഞ്ഞിന്‍റെയും കഥയാണത് ചൊന്നത്. ആ മാതാവിന്‍റെയും, പൈതലിന്‍റെയും കണ്ണുനീര്‍ ഉരുള്‍പൊട്ടിയപ്പോഴായിരുന്നുവല്ലോ, മക്കയിലെ ഊഷരഭൂവില്‍ 'സംസം' ഉറവപൊട്ടിയത്!

ആത്മസായൂജ്യം ഉംറ പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ ലഭിച്ചപോലെ; വര്‍ണ്ണനാതീതമായ ഏതോ അനുഭൂതി ഹൃദയത്തെ കീഴടക്കിയപോലെ. ഉംറയുടെ കര്‍മം ഇനിയും ബാക്കിയുണ്ട്. ഞങ്ങള്‍ അവരോടു സലാം പറഞ്ഞുപിരിഞ്ഞു.

'സഅയ്' കഴിഞ്ഞു. മുടിയെടുത്തു. ക്ഷീണം 'വെല്‍ക്കം' ബോര്‍ഡു കാണിക്കുന്നുണ്ട്.

ഭക്ഷണം കഴിക്കണം, വിശ്രമിക്കുകയും വേണം. മക്കയിലെ പ്രസിദ്ധമായ 'അല്ബെയ്ക്' ബ്രോസ്റ്റഡ് ചിക്കന്‍ ഓര്‍ത്തു. ലബ്ബൈക് കഴിഞ്ഞല്ലോ; ഇനി നമുക്ക് അല്ബെയ്ക് ആക്കിയാലോ? എല്ലാവരും അഭിപ്രായത്തോട് യോജിച്ചു. വിശുദ്ധ ഹറമിന്‍റെ പ്രവിശാലമായ അങ്കണത്തില്‍കൂടി മറുവശത്തേക്ക് നടക്കവേ വിവിധ ഭാഷകളില്‍ എഴുതപ്പെട്ട ഒരു ബോര്‍ഡ് കണ്ണിലുടക്കി. 'കാണാതായ കുട്ടികളെക്കുറിച്ച് അന്വേഷിക്കുവാനുള്ള സ്ഥലം' എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. അറിയാതെ ഞാനെന്‍റെ കൈകള്‍ മുറുക്കിപിടിച്ചു.



Related Posts Plugin for WordPress, Blogger...
 
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്