Monday, August 12, 2013

വഹ്ബയിൽ ഒരു തണുപ്പുകാലത്ത്

സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ ത്വാഇഫ് നഗരത്തിൽനിന്നും ഇരുനൂറ്റിഅന്പത് കി.മീ. അകലെ, മരുഭൂമിയുടെ 'വന്യത'യില്, ലാവപ്പാടങ്ങൾ വലംവെച്ചുനില്ക്കുന്ന കൊച്ചുകുന്നുകൾക്കും, ചരൽക്കല്ലുകൾ വിരിപ്പുതീർത്ത സമതലങ്ങൾക്കും നടുവിൽ, 260 മീ. താഴ്ചയിൽ, രണ്ടു കി.മി. ചുറ്റളവിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു ദൃശ്യവിസ്മയമാണ്, വഹ്ബ ക്രെയ്റ്റര്.
Image courtesy: Arab News
2008 ലെ ഒരു ശൈത്യ കാലത്താണ് വഹ്ബയിലേക്ക് പോയത്. നൗഫലും, സാജിദും, അഷ്റുവും, സദ്‌റുമായിരുന്നു സഹയാത്രികർ. ത്വാഇഫ് ഹൈവേയിൽ നിന്നും തിരിഞ്ഞ് വഹ്ബയെ ലക്‌ഷ്യം വച്ച് പോകവേ റോഡിനിരുവശങ്ങളിലും സാമാന്യം വലിപ്പമുള്ള വെള്ളാരം കല്ലുകൾ ചിതറിക്കിടക്കുന്നത് ചേതോഹരമായൊരു ആകര്ഷക്കാഴ്ചയാണ്.കളിക്കൂട്ടുകാരോടൊപ്പം വീട്ടിലെയും, അയല്പക്കങ്ങളിലെയും പറമ്പുകളിൽ വെള്ളാരംകല്ലുകൾ തേടിയലഞ്ഞിരുന്ന, തേടിയലയവേ കല്ലു കോറി കാലിൽ മുറിവ് പറ്റിയിരുന്ന കുട്ടിക്കാലത്തെ ഓർമകൾ ഓര്മയുടെ മുറിവിൽ നിന്ന് ഒരുമാത്ര പതുക്കെ ഒലിച്ചിറങ്ങി.
ക്രെയ്റ്ററിനു സമീപത്തുള്ള ഒരു ഗ്രാമത്തിലെത്തി. ഉച്ചഭക്ഷണത്തിന്റെ നിശ്ചിതസമയം പിന്നിട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഭക്ഷണം കഴിച്ചിട്ടില്ല. സമീപത്തുകണ്ട 'മന്തി' റെസ്റ്റോറന്റിൽ കയറി, ഭക്ഷണം കഴിച്ചു. ദൂരയാത്രയിലെ മുന്തിയ ഭക്ഷണമാണ് മന്തി.
കൈയിലുള്ള മാപിൽ വഹ്ബയുടെ ദിശ പരിശോധിച്ചു. നേരെ ചെന്നെത്തിയത് മണ്‍മതിൽ അതിരുകെട്ടിയ എട്ടു പത്ത് കൊച്ചു കൊച്ചു വീടുകൾ ഉള്പ്പെടുന്ന ഒരു സ്ഥലത്ത്. അപരിചിത വാഹനത്തിലെ വിദേശികളെകണ്ടപ്പോൾ മധ്യവയസ്കനായ ഒരറബിയും, കൗമാരപ്രായം വിട്ടിട്ടില്ലാത്ത കുറച്ചു കുട്ടികളും ഞങ്ങളുടെ അടുത്തേക്ക് വന്നു. മനസ്സിലെ ഭീതി ഒളിപ്പിച്ചുവെച്ച് ഞങ്ങള് സലാം പറഞ്ഞു. അയാളുടെ മുഖത്തെ ഗൗരവഭാവത്തിനു അയവുവന്നത് ശ്രദ്ധിച്ചു. അറിയുന്ന അറബി ഭാഷയുടെ ആനുകൂല്യത്തിൽ, ആംഗ്യഭാഷകളുടെ പിന്ബലത്തില് ആഗമനോദ്ദേശ്യം അദ്ദേഹത്തെ ധരിപ്പിച്ചു. ഞങ്ങളുടെ പദസമ്പത്തിൽ വഹ്ബ ക്രെയ്റ്റര് എന്നതിന്റെ അറബി പദം അന്യമായിരുന്നു. പക്ഷെ, ആംഗ്യഭാഷ ഉപയോഗിച്ചാലും, വികൃതമായ അറബി പറഞ്ഞാലും ഒരു തദ്ദേശീയനും നിങ്ങളെ പരിഹസിക്കുകയില്ല. അയാള് നിങ്ങൾ പറയുന്നത് ക്ഷമയോടെ കേട്ട് മനസ്സിലാക്കുവാൻ ശ്രമിക്കും. അദ്ദേഹം കൃത്യമായ വഴി പറഞ്ഞുതന്നു.
Photo: Mohammed Nowfal
മരുക്കാറ്റ് അതിശക്തമായി വീശിയടിച്ചുകൊണ്ടിരുന്ന സായന്തനത്തിലാണ് ഭീതിയും, ആഹ്ലാദവും സമംചേർന്നുനിന്ന വ്യത്യസ്തമായൊരു വികാരവായ്പോടെ ഞങ്ങൾ അതിനു സമീപം എത്തിയത്. പടിഞ്ഞാറ്, വിടപറയാൻ ഒരുങ്ങിനില്ക്കുന്ന അർക്കന്റെ അരുണശോഭ. താഴെ, പേടിപ്പെടുത്തുന്ന പാറക്കൂട്ടങ്ങൾക്കുമപ്പുറം, ഉപ്പുപാടംപോൽ തോന്നിപ്പിക്കുന്ന വെള്ളപ്പരവതാനികൾക്ക് സ്വർണ്ണനിറം കൈവന്നിരിക്കുന്നു. ഈ യാത്രയുടെ മുന്നൊരുക്കത്തിനിടെ വഹ്ബയെക്കുറിച്ച് വായിച്ചപ്പോൾ വിഷപ്പാമ്പുകൾ വിഹരിക്കുന്ന സ്ഥലമാണിത് എന്ന് കണ്ടിരുന്നു. തല്ക്കാലം ഇപ്പോൾ താഴോട്ടിറങ്ങേണ്ട, നേരം വെളുത്തിട്ടാവാം എന്നു തീരുമാനിച്ചു.
നിരപ്പാർന്ന സ്ഥലങ്ങളിൽ ഒരിടത്ത് ടെന്റ് കെട്ടണം. നേരം വെളുത്തിട്ട് ക്രെയ്റ്ററിലേക്കിറങ്ങണം. ഒരു ചെറിയകുന്നിന്റെ താഴ്വാരത്ത്, സുരക്ഷിതമെന്ന് തോന്നിയൊരിടത്ത് ഞങ്ങൾ വീടുകെട്ടി. ചന്ദ്രനില്ലാത്ത ആകാശം. അകലെ, അകലെ ഓടിക്കൊണ്ടിരിക്കുന്ന ഒന്നോ രണ്ടോ വണ്ടികളിൽ നിന്നുള്ള പ്രകാശം കാണായി.

Photo: Mohammed Nowfal
പിറ്റേന്ന് രാവിലെ, ക്രെയ്റ്ററിലേക്ക് ഇറങ്ങുവാൻ വേണ്ടി ഞങ്ങൾ ഒരുങ്ങി. വഴിതേടി വണ്ടിയുമായി ആ ഗർത്തതിനു ചുറ്റും കറങ്ങി. വടക്കുഭാഗത്ത് പച്ചപ്പുകണ്ടു. അവിടെ ഇറങ്ങിനോക്കി. മുള്ളുകൾ പടർന്നുനില്ക്കുന്ന മരങ്ങൾ. ഏതോ ജീവിയുടെ ജീർണ്ണിച്ച ശവശരീരം. ഞങ്ങൾ പിൻവാങ്ങി. പടിഞ്ഞാറ് ഭാഗത്ത് ചുരംപോലെ വളഞ്ഞു പുളഞ്ഞു നില്ക്കുന്ന നേർത്ത രേഖകൾ കാണാം. വഴിയായിരിക്കും. ഞങ്ങൾ വാഹനം ആഭാഗത്തേക്ക് തിരിച്ചു.

പാറക്കെട്ടുകൾക്ക് ഇടയിലൂടെ ആയാസപ്പെട്ടൊരിറക്കം. കാലുതെറ്റിയാൽ താഴെ കരിമ്പാറകൾക്ക് മേലെ നിലംപതിക്കും. ശക്തിയിൽ ആഞ്ഞടിക്കുന്ന കാറ്റ് ബാലൻസ് തെറ്റിക്കാൻ ശ്രമിച്ചുകൊണ്ടെയിരിക്കുന്നു. നന്നായി ശ്രദ്ധിക്കണം! ഒടുവിൽ, അരമണിക്കൂറിലധികം നീണ്ട ശ്രമത്തിനു ശേഷം ഞങ്ങൾ താഴെയെത്തി.
നനഞ്ഞുകുതിർന്നുനില്ക്കുന്ന നിലം. കൈയിൽ ഉണ്ടായിരുന്നു വടികൊണ്ട് പൂണ്ടുപോവില്ലെന്ന് ഉറപ്പുവരുത്തി മുന്നോട്ട് നടന്നു. അല്പം അകലെ, ക്രിസ്റ്റലുകളുടെ തിളക്കം. ഉപ്പുചാക്കുകൾ കെട്ടഴിച്ച് വിതറിയപോലെ. ഹൃദയഹാരിയായ ദൃശ്യം, നയനാനന്ദകരമായ കാഴ്ച. ജീവിതത്തിലെ അത്യപൂർവമായൊരു മുഹൂർത്തത്തിന് നേർസാക്ഷികളാവുകയായിരുന്നു ഞങ്ങൾ. സാഹസികമായൊരു ദൗത്യം എന്നതിനാൽ പലർക്കും അപ്രാപ്യവും, കൂടുതൽ പേർക്കും അജ്ഞാതവുമാണ് 'വഹ്ബ'.
'വഹ്ബ' യുടെ ഉത്ഭവത്തെകുറിച്ച് പ്രധാനമായും രണ്ട് സിദ്ധാന്തങ്ങളാണുള്ളത്‌: ഉല്‍ക്കാപതനം മൂലമാണ് ഇവ ഉണ്ടായത് എന്നാണ് ഒരഭിപ്രായം. മറ്റ് ഉല്‍ക്കാനിര്‍മ്മിത ക്രെയ്റ്ററുകളുമായുള്ള ഇതിന്‍റെ സാദൃശ്യമാണ് ഈ അഭിപ്രായത്തിന് കാരണം. എന്നാല്‍ ഭൂഗര്‍ഭ അഗ്നിപര്‍വ്വത വിസ്ഫോടനമാണ് ഈ ക്രെയ്റ്ററിന്‍റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് ഇന്ന് ഏതാണ്ടെല്ലാ ഭൌമശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. അതിവിസ്തൃതമായ ദ്രവ-ശിലാപാടത്താല്‍ (lava field) ചുറ്റപ്പെട്ടു കിടക്കുന്ന ഇതിന്‍റെ അവസ്ഥ ഈ അഭിപ്രായത്തിന് ആക്കം കൂട്ടുന്നു.
നിരപ്പിൽ നിരന്നുകിടക്കുന്ന ക്രിസ്റ്റലുകൾ രുചിച്ചുനോക്കാനാഞ്ഞു. കൂട്ടത്തിലാരോ പറഞ്ഞു, 'വേണ്ട, ഒരു പക്ഷെ ഇത് സയനേഡ് ആണെങ്കിലോ!! നീട്ടിയ കൈ പിന്നോട്ട് വലിച്ചു. ഒരു പക്ഷെ, ശരിയാണെങ്കിലോ?
Photo: M. Nowfal
സൂര്യന്റെ ചൂടിന് കടുപ്പം കൂടിവരുന്നുണ്ട്. ശക്തികുറഞ്ഞ കാറ്റുവീശുന്നുണ്ട്. കുറച്ചു ദൂരെ, വടക്കുഭാഗത്തുള്ള ചെറിയൊരു പാറക്കൂട്ടത്തിനു പിറകിൽ നിന്നെന്നു തോന്നി, ഒരു സംഗീതസ്വരം കേൾക്കായി. പുരാതനമായ ഏതോ ഉപകരണത്തിൽ നിന്നും പുറപ്പെടുന്ന ആദിഗീതം പോലെ.
സാജിദ് ഓർത്തെടുത്തു, ഏതോ ഒരു ജാപനീസ് സിനിമയിൽ ഒരു രംഗമുണ്ട്. ഒരു വനത്തിൽ എത്തിയ ടൂറിസ്റ്റുകൾ പൊടുന്നനെ ഒരു പാട്ടുകേള്ക്കുന്നു. പാട്ടിന്റെ ഉറവിടം തേടി അവർ ചെന്നെത്തിയത് ഒരു ഗുഹാമുഖത്ത്‌. ഗുഹയ്ക്കകത്ത് വിചിത്രമായ കൈകാലുകൾ ഉള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നുണ്ടായിരുന്നു! ഞങ്ങളുടെ ഉദ്വേഗം വര്ദ്ധിച്ചു. പാറക്കൂട്ടങ്ങൾക്ക് പിറകില്നിന്നും പുല്ലാങ്കുഴൽ വായിക്കുന്ന ആളെ തേടി ഞങ്ങൾ ഒന്നിച്ചുനടന്നു. പക്ഷെ, അവിടെയെത്തവെ,ആ ശബ്ദം ദൂരെമാറി പാറയുടെ എതിർവശത്തുനിന്നും കേള്ക്കാനായി.
Photo: Mohammed Sajid
ആ സംഗീതാനുഭവം ഇപ്പോഴും ഒരു സമസ്യയായി ഓർമയിൽ വീണമീട്ടിക്കൊണ്ടെയിരിക്കുന്നു.കാറ്റു സൃഷ്ടിച്ച ശബ്ദവീചികളാകാം. വായു ദൂരെയെവിടെ നിന്നോ കൊണ്ടുവന്ന വായ്പാട്ടാകാം...!

40 comments:

 1. അല്പം കൂടെ വിശദമായി എഴുതാമായിരുന്നു .

  ReplyDelete
  Replies
  1. ഇതന്നെ കിട്ടിയത് വല്യ കോള് എന്ന് കരുതിക്കോ :)

   Delete
  2. നന്ദി, എന്റെ പ്രിയ ചങ്ങാതിമാരെ. അല്പം വിശദമായി എഴുതാമായിരുന്നു എന്ന സ്നേഹനിർദ്ദേശത്തിന് നന്ദി. സി.എച്ചിന്റെ സോവിയറ്റ് യൂനിയൻ യാത്രാവിവരണമുണ്ട്- 'സോവിയറ്റ് യൂണിയനിൽ'. പുസ്തകം ചെറുതായി എന്ന അഭിപ്രായം വന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: "ചെറുതായതിന് ഞാൻ കുറ്റക്കാരനല്ല. അത്രയേ പറയാനുണ്ടായിരുന്നുള്ളൂ!" :).

   കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞിട്ടുണ്ടല്ലോ: " തനിക്ക് പറയാൻ ഇത്തിരിയേയുള്ളൂ, അതു പറയാനിത്തിരിയേ വാക്കും വേണ്ടൂ." :)

   Delete
 2. "യാത്ര യിൽ വായിച്ചു . കുറച്ചൂടെ വിശദമായി ഇവിടെ .
  ഒരു തണുപ്പുകാല യാത്ര അതിന്റെ ആവേശം ചോരാതെ പകർത്തിയിട്ടുണ്ട് . പലരും പറഞ്ഞു കൊതിപ്പിക്കുന്ന സൗദിയിലെ വിസമയ കാഴ്ചകളിലേക്ക് ഇനിയെത്ര ദൂരം ..?
  ബ്ലോഗിനെ ഒരു മരുഭൂമിയാക്കാതെ ഇടക്കൊക്കെ ഇങ്ങീൻ വരണം എന്നൊരു അപേക്ഷ കൂടി ഇവിടെ വെക്കുന്നു നൗഷൂ .
  സ്നേഹം .

  ReplyDelete
  Replies
  1. മൻസൂ, ഈ കുറിപ്പ് താങ്കളോട് കടപ്പെട്ടിരിക്കുന്നു. 'യാത്ര' ആരംഭിച്ചപ്പോൾ ഒരു കുറിപ്പ് എഴുതാമെന്ന വാക്കുപാലിക്കാൻ വേണ്ടിയാണ് ഇതെഴുതി തുടങ്ങിയത്. കലർപ്പില്ലാത്ത നിറഞ്ഞ സ്നേഹത്തിന് പ്രോത്സാഹനത്തിനു അതിരുകളില്ലാത്ത സ്നേഹം മറുപടി. നന്ദി.

   Delete
 3. ഉയർന്നുനിന്ന് കാറ്റിനു പ്രതിരോധം തീർക്കുന്ന കുത്തനെയുള്ള കുന്നുകളിൽ നിന്നും സംഗീതമുയരും.. ഭൂമിയുടെ ഗീതമായ്‌ അവ ചുറ്റും ഒഴുകികൊണ്ടിരിക്കും. വഹ്ബയെ കുറിച്ചുള്ള വിശദവിവരത്തിനു നന്ദി.., സന്ദർ ശിക്കാൻ പ്ലാനുണ്ട്‌.

  ReplyDelete
  Replies
  1. നന്ദി, സർ. വായനയ്ക്കും, വിശദീകരണത്തിനും. സന്തോഷം, സ്നേഹം.

   Delete
 4. അതെ..കാറ്റ് കൊണ്ടു വന്നതാവാം ആ സംഗീതം. അതു പോലെ ഈ പോസ്റ്റും. എത്ര സുന്ദരമായി താങ്കൾ എഴുതുന്നു. പക്ഷെ ഏതോ ഉഗ്ര മൂർത്തിയുടെ ശാസനയാലെന്ന പോലെ അവ പെടുന്നനെ നിന്നു പോകുന്നു. കാത്തിരിക്കാം വീണ്ടും ഇതു പോലെ അക്ഷരങ്ങളുടെ മറ്റൊരു അഷനിപാതത്തിനായി...

  ഭാവുകങ്ങളോടെ..ഒരു റിട്ടേർഡ് ബ്ലോഗർ

  ReplyDelete
  Replies
  1. അക്ബർക്ക, നിങ്ങൾ റിട്ടേർഡ് ബ്ലോഗർ ആണെങ്കിൽ ഞാൻ വി.ആർ.എസ് എടുക്കാൻ പോവുന്നു.!

   സ്നേഹത്തിന് നന്ദി; വായനയ്ക്കും.

   Delete
 5. നല്ലൊരു പോസ്റ്റ്
  ചിത്രങ്ങൾ ഇനിയും വേണ്ടിയിരുന്നു

  ReplyDelete
  Replies
  1. നന്ദി ഷാജു. വന്നതിനും, വന്നത് അടയാളപ്പെടുത്തിയതിനും. സന്തോഷം.

   Delete
 6. This comment has been removed by the author.

  ReplyDelete
 7. വിജ്ഞാനപ്രദമായ വിവരണം, നല്ല അവതരണം.ആശംസകള്‍

  ReplyDelete
 8. ഇളംതെന്നൽ പോലെ ഒഴുകുന്ന ഗദ്യശൈലി.

  ഇത്തരം ഒരു സാഹസികയാത്രയുടെ സഹജഭാവമായ ഉദ്വേഗം വായനക്കാരനിലേക്ക് സംക്രമിപ്പിക്കാൻ കഴിഞ്ഞ രചനാരീതി.

  കുറിപ്പ് സഡൻ ബ്രേക്കിട്ട പോലെ നിലച്ചപ്പോൾ നുണഞ്ഞ്തീരുമ്പോഴേക്ക് മധുരം ചുണ്ടത്ത് നിന്ന് എടുത്തുമാറ്റപ്പെട്ടപോലെ.....

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഉസ്മാന്ക്ക,

   നന്ദിയിൽ പൊതിഞ്ഞുവെച്ച സന്തോഷപ്പൂക്കൾ സ്നേഹത്തോടെ സമർപ്പിക്കുന്നു.

   Delete
 9. നൗഷാദ്‌ ബായി....... സന്തോഷം വീണ്ടും കണ്ടതില്‍ ..
  താങ്കളുടെ പോസ്റ്റ്‌ "യാത്ര" ഗ്രൂപ്പില്‍ കണ്ടു കൂട്ടുകാരെ ഈ സ്ഥലത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചു ഈ പെരുന്നാള്‍ അവധിക്കു.. ബട്ട്‌ എനിക്ക് അത് മിസ്സായി............കാരണം ഞാന്‍ പതിവ് പോലെ നാട്ടിലേക്ക് മുങ്ങി !!

  ReplyDelete
  Replies
  1. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, തീർച്ചയായും ഒരുനാൾ താങ്കൾ 'വഹ്ബ'യിലേക്ക് മുങ്ങണം.
   നന്ദി പ്രിയങ്കരനായ സുഹൃത്തെ!

   Delete
 10. വട്ടപോയില്‍ മുങ്ങിയെങ്കിലുംഞങ്ങള്‍ ആദൌത്യംഏറ്റെടുത്തു അവിടെഎത്തി ഞങ്ങള്‍പത്തുപേര്‍ഉണ്ടായിരുന്നു ഞാന്‍ഒഴികെഎല്ലാവരും താഴെഇറങ്ങി ശരിക്കുംആസ്വാദകരമായ ഒരുയാത്ര

  ReplyDelete
  Replies
  1. നന്ദി wardah,

   ആ അനുഭവം ഒന്നു പങ്കുവെച്ചൂടെ?

   Delete
 11. കവിതപോലൊരു യാത്രാവിവരണം ഭംഗിയായി നൌഷാദ് ഭായ്.
  സഞ്ചാര സാഹിത്യം കൂടുതല്‍ എഴുതുക. ആ മേഖലയില്‍ താങ്കള്‍ക്ക് ഒരു പാട് അനുഭവപരിജ്ഞാനമുന്ടല്ലോ. go on.

  ReplyDelete
  Replies
  1. നന്ദി, ആത്മമിത്രമേ...

   Delete
 12. പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ.. ക്രെയ്റ്ററിനെക്കുറിച്ച് കുറച്ച് കൂടി വിശദമായി എഴുതാമായിരുന്നു. മുകളിൽ ചെറുവാടി എഴുതിയത് പോലെ "ഇത് തന്നെ കിട്ടിയത് വല്യ കോള്" എന്ന് കരുതി തൃപ്തിപ്പെടുന്നു.

  ReplyDelete
  Replies
  1. വന്നതിനും, വായിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി, പ്രിയ ബഷീർ മാഷ്‌. എപ്പോഴും കലവറയില്ലാതെ നല്കുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും കൃതജ്ഞത; സ്നേഹത്തോടെ

   Delete
 13. യാത്രയുടെ ദൈര്‍ഘ്യമില്ലായ്മ വായനയില്‍ അനുഭവപ്പെട്ടു. എങ്കിലും ഒരു അറബി പഴമൊഴിയില്‍ പറഞ്ഞപ്പോലെ "ഖൈറുല്‍ കലാമി മാ ഖല്ല വ ദല്ല".

  ReplyDelete
  Replies
  1. സന്തോഷം, സ്നേഹം, നന്ദി, പ്രിയ ഗുരോ.

   Delete
 14. നല്ലൊരു പോസ്റ്റ് നല്ല അവതരണം.ആശംസകള്‍
  www.hrdyam.blogspot.com

  ReplyDelete
 15. ഈ സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ ആദ്യമാണ് ഇത്രയും അറിയുന്നത്.നല്ലൊരു പോസ്റ്റ്‌ ,നല്ലൊരു യാത്ര.

  ReplyDelete
 16. വഹ്ബയിലെ പാറക്കൂട്ടങ്ങൾക്കു പിറകിൽ നിന്നു കേട്ട വിസ്മയകരമായ സംഗീതസ്വരത്തെ കുറിച്ച് യാത്രക്കു ശേഷം കുനിയിൽ പങ്കു വെച്ചതൊർക്കുന്നു. അതിശയിപ്പിക്കുന്ന ആ വർത്തമാനത്തിൽ അവസാനിക്കുന്ന ഈ പോസ്റ്റ് ശ്രുതിമധുരമായ തുടർ പോസ്റ്റുകൾക്ക് വിത്താവട്ടെ എന്നാശംസിക്കുന്നു. താങ്കളുടെ മുൻകാല യാത്രകൾ തന്നെ മതിയാകും അര ഡസണ്‍ പോസ്റ്റുൾ പിറക്കാൻ. ഭാവുകങ്ങൾ സുഹൃത്തെ

  ReplyDelete
  Replies
  1. എന്റെ പ്രിയപ്പെട്ട മാഷെ, ഇതെഴുതിയപ്പോൾ താങ്കളുമായി ആ അനുഭവം പങ്കുവെച്ച സന്ദർഭം ഓർത്തിരുന്നു. നല്ല വാക്കുകൾക്ക് ശുക്റൻ ജസീലൻ

   Delete
 17. ഇങ്ങനെ വായിച്ചു കൊതിക്കാനല്ലാതെ അവിടെ പോകാനൊന്നും കഴിയില്ലല്ലോ എന്ന് സങ്കടപ്പെടുത്തിയ എഴുത്ത് .ഇടവേള ഉണ്ടായെങ്കിലും മനോഹരമായ എഴുത്ത്

  ReplyDelete
  Replies
  1. നന്ദി സിയാ, പ്രിയങ്കരനായ ചങ്ങാതീ...

   Delete
 18. വഹ്ബയിലെ മനോഹാരിതയെ മനോഹരമായ വാക്കുകളാല്‍ വിവരിച്ച പ്രിയ നൌഷാദ് കുനിയില്‍ ,അനുമോദനങ്ങള്‍ ...

  ReplyDelete
  Replies
  1. വായനയ്ക്ക് നന്ദി, ഷമീർ. അനുമോദനത്തിന് ഒരു 'സ്മൈലി' - :-)

   Delete
 19. കുനിയിലിന്റെ കൂടെ ഒരു യാത്ര എനിക്ക് ഒരാഗ്രഹമാണ് ........... :)

  ReplyDelete

Related Posts Plugin for WordPress, Blogger...
 
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്