Monday, March 3, 2014

ഓർമയിൽ ഒരു മധുരനൊമ്പരക്കാറ്റ്

കലെണ്ടറിൽ മാർച്ച് കാണുമ്പോൾ ഓർമയിൽ ഒരു മധുരനൊമ്പരക്കാറ്റായി വീശിയെത്തുന്നത് 1999 മാർച്ചിലെ ആ ഹോളി അവധിക്കാലം. വേർപാടിന്റെ അപരിഹാര്യമായ വേദന അനുഭവിക്കുമ്പോഴും അനുഗ്രഹത്തിന്റെ ഒരിളം തെന്നൽ സൃഷ്ടിച്ച ശീതളിമയാണ് ഓർക്കാൻ ഇഷ്ടം.

മധ്യപ്രദേശിലെ ഭോപാലിൽ, പോലീസ് കോണ്‍സ്റ്റബ്ൾ ആയ റായ് സാബിന്റെ ഇരുനിലയുള്ള വീട്ടിൽ മുകളിലത്തെ തട്ടിലാണ് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നത്. മാവൂരിലുള്ള സാജുവും (ഇപ്പോൾ കേരള പോലീസിൽ) സുരേഷ് കണ്ണച്ചൻകണ്ടിയും (ടി.പി.ചന്ദ്രശേഖരന്റെ വിധവ, കെ.കെ.രമയുടെ സഹോദരൻ) വാഴക്കാട്ടുള്ള ഷബീറും സഹമുറിയൻമാർ - സഹപാഠികളും!. മനോഹരമായ രാപകലുകൾ, സ്നേഹം സ്നേഹത്തോട് മാത്രം തോറ്റുപോകുന്ന സുന്ദരപകലിരവുകൾ. മൊബൈൽ ഫോണുകൾ ഇനിയും സാർവത്രികമായിട്ടില്ലാത്ത കഴിഞ്ഞനൂറ്റാണ്ടിന്റെ ഒടുക്കം. Y2K യെക്കുറിച്ച് ലോകം ഭീതിയിലാണ്ട ഒരു കാലം!

ജീവിതത്തിൽ ആദ്യമായിട്ടാണ് വീടുവിട്ടു കുറെനാൾ താമസിക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വല്യുപ്പയെ പിരിയുന്നതും ആദ്യം. ഉറക്കത്തിൽ വല്യുപ്പ നിരന്തരം കടന്നുവരും. സ്നേഹം പെയ്യുന്ന വിളി അടുത്തമുറിയിൽ നിന്നും വരുന്നതായി തോന്നും. ഒരു ഞെട്ടലോടെ എഴുന്നേൽക്കും. പിന്നെ, പതിയെ, യാഥാർത്ഥ്യബോധം വീണ്ടെടുക്കും. ടെലഫോണ്‍ ബൂത്തിൽ പോയി പകൽ സമയങ്ങളിൽ വല്യുപ്പയോട് കുറെ നേരം സംസാരിക്കും. സംസാരത്തിനിടയിൽ മൗനം വിടവുതീർക്കുന്ന സമയങ്ങൾ തേങ്ങലിന്റെതാണെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. അടുത്തുതന്നെ വിരുന്നെത്തുന്ന അവധിനാളുകളെക്കുറിച്ച് ഞങ്ങൾ ആശ്വാസം കൊണ്ടു. ആ പതിനാലുനാളുകളിൽ വല്യുപ്പയോടൊപ്പം നില്ക്കാലോ? പത്രം വായിച്ചുകൊടുക്കാം.സാംചിയിലെ ബുദ്ധസ്തൂപം കാണാൻ പോയ കഥ പറയാം; തീവണ്ടിയിൽ വെച്ച് ഉണ്ണി എന്ന ഒരു സുഹൃത്തിനെ കിട്ടിയ കാര്യം പറയാം. ഹിന്ദി അറിയാത്ത ഞങ്ങൾ നേരിട്ട രസകരമായ സംസാരനുഭവങ്ങളെക്കുറിച്ച് പങ്കുവെക്കാം, നഖം മുറിച്ചുകൊടുക്കാം... അവധിനാളിലെ സ്വപ്‌നങ്ങൾ മനസിൽ മനോഹരമായൊരു ചിത്രം വരച്ചു.

ക്ലാസ് വിട്ട് വീട്ടിലെത്തിയാൽ സുരേഷിന്റെ ആദ്യത്തെ ജോലി, കലെണ്ടറിൽ അന്നത്തെ ദിവസം മായ്ച്ചുകളയലാണ്. ഹോളിക്ക് പതിനഞ്ച് ദിവസം അവധിയുണ്ട്‌. ഹോളിയുടെ ഹോളി ഡേയ്സിലേക്കുള്ള count down ആണ്, ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ കൂട്ടുകാരൻ സുരേഷ് കലണ്ടറിൽ അടയാളപ്പെടുത്തി നിർവഹിക്കുന്നത്. അങ്ങനെ, കലണ്ടറിലെ അക്കങ്ങൾ ഒരമ്പത്തിഒന്നെണ്ണം എങ്കിലും അവൻ  വെട്ടിയിരിക്കണം എന്നിപ്പോൾ തികഞ്ഞ കൗതുകത്തോടെ ഓർക്കുന്നു.സുരേഷിന്റെ സഹോദരീഭർത്താവ് ടി.പി.യേയും ഒരുമാത്ര അനുസ്മരിക്കുന്നു.

കോളേജ് അടച്ചു. പക്ഷെ, രണ്ട്  ദിവസത്തിനുശേഷമേ സ്ലീപർ ക്ലാസിൽ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് ഞങ്ങൾ നേരത്തെ എടുത്തുവെച്ചിരുന്നു. മംഗള എക്സ്പ്രസിൽ കൊങ്കണ്‍ വഴി മുപ്പത്തിആറ് മണിക്കൂർ യാത്ര.സമയത്തിന്റെ ഘടികാരം പണിമുടക്കിയോ! മണിക്കൂറുകൾക്ക് ദൈർഘ്യം കൂടുന്നപോലെ. 

അന്നുരാത്രിയും വല്യുപ്പയെ സ്വപ്നം കണ്ടു. പിന്നെ ഉറങ്ങാനേ പറ്റിയില്ല. "വല്ലിപ്പയെ രണ്ടു ദിവസം കഴിഞ്ഞു കാണാലോ നൗഷാദ്. ഉറങ്ങാൻ നോക്ക്" സാജു തന്റെ കമെന്റ് പാസാക്കി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. പക്ഷെ, വല്ലാത്തൊരു  അസ്വസ്ഥത എന്നെ പുതച്ചുനിന്നു. 

പിറ്റേന്ന് രാവിലെ അവരോട് ഞാൻ ഇന്നുതന്നെ പോവുകയാണെന്ന് പറഞ്ഞു. അവർ എനിക്ക് വട്ടാണോ എന്ന് ചോദിക്കാതിരുന്നില്ല. അന്നേ പക്വമതിയും ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരനുമായ സുരേഷിനോട് ഞാൻ കാര്യം അവതരിപ്പിച്ചു; എനിക്കെന്റെ വല്യുപ്പയെ കാണണം, എന്തോ, എനിക്ക് പേടി തോന്നുന്നു, കണ്ണച്ചാ..." അവനു കാര്യം മനസ്സിലായി, ഞങ്ങൾ റെയിൽവേസ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് അന്വേഷിച്ചു. പക്ഷെ, ഇല്ലായിരുന്നു. എടുത്ത ടിക്കറ്റ് കാൻസൽ ചെയ്ത് ലോക്കൽ കംപാർട്ട്മെന്റിൽ പോകാൻ തീരുമാനിച്ചു.

പതിവിനുവിപരീതമായി യാത്രയിൽ എന്തോ ഒരു അസ്വസ്ഥത സഹയാത്രികനായി. പുറംകാഴ്ചകളിലേക്ക് പുറംകണ്ണുകൾ അയച്ചു; മനസ് വല്യുപ്പയോടൊപ്പം പോയി. അതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു. ഭീതിപ്പെടുത്തുന്ന ഏതോ ഒരു സ്വപ്നം അവിടെയും ശല്യപ്പെടുത്താൻ വന്നു. പിന്നെ ഉറക്കം തുടരാൻ ആയില്ല.

കോഴിക്കോട് സ്റ്റേഷനിൽ എത്തി, പുറത്തിറങ്ങി. നാട്ടിലേക്കുള്ള ബസിൽ കയറി. മെയിൻ റോഡിലെ ജങ്ഷനിൽ ബസ്സിറങ്ങി വീട്ടിലേക്ക് ഓട്ടോ പിടിക്കാൻ ഒരുങ്ങിയപ്പോൾ പരിചയക്കാരനായ ഓട്ടോ ഡ്രൈവർ തഫ്സീർ, ഓട്ടോയുമായി വന്ന് ചോദിച്ചു, "എടാ, കയറ്. നീ അറിഞ്ഞില്ലേ?". പേരറിയാത്ത എന്തോ ഒന്ന് ഇടനെഞ്ചിലൂടെ കൊള്ളിമീൻ മിന്നി. ഞാൻ പറഞ്ഞു, നീ പറയണ്ട തഫ്സീറെ. എനിക്കറിയാം!

വല്യുപ്പ മരിച്ചു എന്ന് കേൾക്കാൻ എനിക്കാവില്ലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മായിയുടെ അടുത്ത് ചെന്ന്, വല്ലിപ്പ മരിക്കുമോ അമ്മായീ എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞതും, കൂടി നിന്നവരെ കരയിപ്പിച്ചതും ബാല്യകാല ഓർമകളായി വീട്ടിലെ കൂട്ടുസൊറകളിൽ കടന്നുവരാറുണ്ട്, പലപ്പോഴും. എന്നാൽ, അപ്പോഴൊക്കെയും ഒരു നേർത്തവേദനയോടെ ഞാനത് ആസ്വദിക്കാതെ മാറിനില്ക്കാറായിരുന്നു പതിവ്.എനിക്കത് ഉൾകൊള്ളാൻ ആവില്ല. പ്രവാചകൻ മരണപ്പെട്ടപ്പോൾ അത് ഉൾകൊള്ളാൻ ആവാതെ, അദ്ദേഹം മരിച്ചു എന്ന് പറഞ്ഞവന്റെ തലയെടുക്കും എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അനുചരൻ ഉമറിന്റെ (റ) മാനസികാവസ്ഥ എനിക്ക് എപ്പോഴും നന്നായി മനസ്സിലാക്കാൻ സാധിക്കും.

ഞാൻ എന്നും ഭയപ്പെട്ട ആ നാൾ വന്നെത്തിയിരിക്കുന്നു.വല്യുപ്പ പോയിരിക്കുന്നു. പക്ഷെ, ഞാനാ പരമസത്യം ഉൾക്കൊണ്ടേ മതിയാകൂ. വീട്ടിലേക്ക് എത്താറായി. വഴിയിൽ ആൾക്കൂട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നുപോവുന്നു.

എവിടെനിന്നാണെന്നറിയില്ല, ഒരു മന:ശക്തി എന്നെ അനുഗ്രഹിച്ചു. കൂടിനിന്ന അനേകം ആളുകൾക്കിടയിലൂടെ ഞാൻ വീട്ടിലേക്ക് കയറി, നേരെ എന്റെ വല്യുമ്മയുടെ അടുത്തെത്തി. മനസ്സിൽ ഒതുക്കിയ ദു:ഖഭാരത്തിന്റെ അണപൊട്ടി. കണ്ടുനിന്നവരുടെ തേങ്ങലിൽ ആ മുറി വീർപ്പുമുട്ടി.

കുളിച്ച് വസ്ത്രം മാറി ഞാൻ മയ്യിത്ത് ദർശിച്ചു. കരഞ്ഞില്ല, ഞാൻ. പിന്നെ, മയ്യിത്ത് കുളിപ്പിച്ചു. പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനു നേതൃത്വം നല്കി.

രാത്രി ബന്ധുക്കളോടൊപ്പം വീട്ടിലെ കോലായിൽ ഇരിക്കവെ,  മധുരപലഹാരങ്ങൾ ഏറെ ഇഷ്ടമുള്ള വല്യുപ്പക്ക് വേണ്ടി ഞാൻ കൊണ്ടുവന്ന ഗുലാബ് ജാമുൻ എല്ലാവരുമായി പങ്കുവെക്കവേ, അമ്മായി കാര്യങ്ങൾ വിശദീകരിച്ചുതന്നു. രണ്ടുദിവസം മുന്പ് പെട്ടന്നാണ് ഉപ്പ ബെഡിൽ നിന്നും താഴെ വീണത്. പെട്ടന്ന് ബോധം നശിച്ചു. പിറ്റേന്ന് കുറച്ചു നേരത്തേക്ക് ഓർമ തിരിച്ചുവന്നു. പലവട്ടം എന്നെ ചോദിച്ചുവത്രേ... പിന്നെ, എന്റെ മയ്യിത്ത് കുളിപ്പിക്കാനും, മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്കാനും 'എന്റെ കുട്ടി' തന്നെ വേണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് അബോധത്തിന്റെ ലോകത്തേക്ക് തിരിച്ചുപോയി.

പിറ്റേന്നാണ് വല്യുപ്പ വിടപറയുന്നത്. അന്ന് മയ്യിത്ത് സംസ്കരണത്തിനു മുന്പാണ് ഞാൻ എത്തിയിരിക്കുന്നത്. ട്രെയിനിൽ, അസ്വസ്ഥനായ ഏതോ നിമിഷത്തിൽ ആയിരിക്കണം ബോധത്തിന്റെയും  അബോധത്തിന്റെയും ഇടയ്ക്കുള്ള  നൂല്പാലത്തിൽ വെച്ച് അദ്ദേഹം എന്നെ ചോദിച്ചത്.

ഞാനോർത്തു. ഞാൻ നേരത്തേ തിരിച്ചില്ലായിരുന്നെങ്കിലോ? എന്റെ മനസ്സ് അന്ന് അസ്വസ്ഥമായിരുന്നില്ലെങ്കിലോ?! സുഹൃത്തുക്കളുടെ സാന്നിധ്യം യാത്രയിലെ മഹാ അനുഗ്രഹമാണ്. അനുഗൃഹീതമായ ആ പ്രലോഭനത്തിൽ നിന്നും എങ്ങനെയാണ് എനിക്ക് രക്ഷപ്പെടുവാൻ സാധിച്ചത്?

ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല.

Related Posts Plugin for WordPress, Blogger...
 
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്