Monday, March 3, 2014

ഓർമയിൽ ഒരു മധുരനൊമ്പരക്കാറ്റ്

കലെണ്ടറിൽ മാർച്ച് കാണുമ്പോൾ ഓർമയിൽ ഒരു മധുരനൊമ്പരക്കാറ്റായി വീശിയെത്തുന്നത് 1999 മാർച്ചിലെ ആ ഹോളി അവധിക്കാലം. വേർപാടിന്റെ അപരിഹാര്യമായ വേദന അനുഭവിക്കുമ്പോഴും അനുഗ്രഹത്തിന്റെ ഒരിളം തെന്നൽ സൃഷ്ടിച്ച ശീതളിമയാണ് ഓർക്കാൻ ഇഷ്ടം.

മധ്യപ്രദേശിലെ ഭോപാലിൽ, പോലീസ് കോണ്‍സ്റ്റബ്ൾ ആയ റായ് സാബിന്റെ ഇരുനിലയുള്ള വീട്ടിൽ മുകളിലത്തെ തട്ടിലാണ് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നത്. മാവൂരിലുള്ള സാജുവും (ഇപ്പോൾ കേരള പോലീസിൽ) സുരേഷ് കണ്ണച്ചൻകണ്ടിയും (ടി.പി.ചന്ദ്രശേഖരന്റെ വിധവ, കെ.കെ.രമയുടെ സഹോദരൻ) വാഴക്കാട്ടുള്ള ഷബീറും സഹമുറിയൻമാർ - സഹപാഠികളും!. മനോഹരമായ രാപകലുകൾ, സ്നേഹം സ്നേഹത്തോട് മാത്രം തോറ്റുപോകുന്ന സുന്ദരപകലിരവുകൾ. മൊബൈൽ ഫോണുകൾ ഇനിയും സാർവത്രികമായിട്ടില്ലാത്ത കഴിഞ്ഞനൂറ്റാണ്ടിന്റെ ഒടുക്കം. Y2K യെക്കുറിച്ച് ലോകം ഭീതിയിലാണ്ട ഒരു കാലം!

ജീവിതത്തിൽ ആദ്യമായിട്ടാണ് വീടുവിട്ടു കുറെനാൾ താമസിക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ വല്യുപ്പയെ പിരിയുന്നതും ആദ്യം. ഉറക്കത്തിൽ വല്യുപ്പ നിരന്തരം കടന്നുവരും. സ്നേഹം പെയ്യുന്ന വിളി അടുത്തമുറിയിൽ നിന്നും വരുന്നതായി തോന്നും. ഒരു ഞെട്ടലോടെ എഴുന്നേൽക്കും. പിന്നെ, പതിയെ, യാഥാർത്ഥ്യബോധം വീണ്ടെടുക്കും. ടെലഫോണ്‍ ബൂത്തിൽ പോയി പകൽ സമയങ്ങളിൽ വല്യുപ്പയോട് കുറെ നേരം സംസാരിക്കും. സംസാരത്തിനിടയിൽ മൗനം വിടവുതീർക്കുന്ന സമയങ്ങൾ തേങ്ങലിന്റെതാണെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. അടുത്തുതന്നെ വിരുന്നെത്തുന്ന അവധിനാളുകളെക്കുറിച്ച് ഞങ്ങൾ ആശ്വാസം കൊണ്ടു. ആ പതിനാലുനാളുകളിൽ വല്യുപ്പയോടൊപ്പം നില്ക്കാലോ? പത്രം വായിച്ചുകൊടുക്കാം.സാംചിയിലെ ബുദ്ധസ്തൂപം കാണാൻ പോയ കഥ പറയാം; തീവണ്ടിയിൽ വെച്ച് ഉണ്ണി എന്ന ഒരു സുഹൃത്തിനെ കിട്ടിയ കാര്യം പറയാം. ഹിന്ദി അറിയാത്ത ഞങ്ങൾ നേരിട്ട രസകരമായ സംസാരനുഭവങ്ങളെക്കുറിച്ച് പങ്കുവെക്കാം, നഖം മുറിച്ചുകൊടുക്കാം... അവധിനാളിലെ സ്വപ്‌നങ്ങൾ മനസിൽ മനോഹരമായൊരു ചിത്രം വരച്ചു.

ക്ലാസ് വിട്ട് വീട്ടിലെത്തിയാൽ സുരേഷിന്റെ ആദ്യത്തെ ജോലി, കലെണ്ടറിൽ അന്നത്തെ ദിവസം മായ്ച്ചുകളയലാണ്. ഹോളിക്ക് പതിനഞ്ച് ദിവസം അവധിയുണ്ട്‌. ഹോളിയുടെ ഹോളി ഡേയ്സിലേക്കുള്ള count down ആണ്, ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ കൂട്ടുകാരൻ സുരേഷ് കലണ്ടറിൽ അടയാളപ്പെടുത്തി നിർവഹിക്കുന്നത്. അങ്ങനെ, കലണ്ടറിലെ അക്കങ്ങൾ ഒരമ്പത്തിഒന്നെണ്ണം എങ്കിലും അവൻ  വെട്ടിയിരിക്കണം എന്നിപ്പോൾ തികഞ്ഞ കൗതുകത്തോടെ ഓർക്കുന്നു.സുരേഷിന്റെ സഹോദരീഭർത്താവ് ടി.പി.യേയും ഒരുമാത്ര അനുസ്മരിക്കുന്നു.

കോളേജ് അടച്ചു. പക്ഷെ, രണ്ട്  ദിവസത്തിനുശേഷമേ സ്ലീപർ ക്ലാസിൽ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് ഞങ്ങൾ നേരത്തെ എടുത്തുവെച്ചിരുന്നു. മംഗള എക്സ്പ്രസിൽ കൊങ്കണ്‍ വഴി മുപ്പത്തിആറ് മണിക്കൂർ യാത്ര.സമയത്തിന്റെ ഘടികാരം പണിമുടക്കിയോ! മണിക്കൂറുകൾക്ക് ദൈർഘ്യം കൂടുന്നപോലെ. 

അന്നുരാത്രിയും വല്യുപ്പയെ സ്വപ്നം കണ്ടു. പിന്നെ ഉറങ്ങാനേ പറ്റിയില്ല. "വല്ലിപ്പയെ രണ്ടു ദിവസം കഴിഞ്ഞു കാണാലോ നൗഷാദ്. ഉറങ്ങാൻ നോക്ക്" സാജു തന്റെ കമെന്റ് പാസാക്കി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. പക്ഷെ, വല്ലാത്തൊരു  അസ്വസ്ഥത എന്നെ പുതച്ചുനിന്നു. 

പിറ്റേന്ന് രാവിലെ അവരോട് ഞാൻ ഇന്നുതന്നെ പോവുകയാണെന്ന് പറഞ്ഞു. അവർ എനിക്ക് വട്ടാണോ എന്ന് ചോദിക്കാതിരുന്നില്ല. അന്നേ പക്വമതിയും ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരനുമായ സുരേഷിനോട് ഞാൻ കാര്യം അവതരിപ്പിച്ചു; എനിക്കെന്റെ വല്യുപ്പയെ കാണണം, എന്തോ, എനിക്ക് പേടി തോന്നുന്നു, കണ്ണച്ചാ..." അവനു കാര്യം മനസ്സിലായി, ഞങ്ങൾ റെയിൽവേസ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് അന്വേഷിച്ചു. പക്ഷെ, ഇല്ലായിരുന്നു. എടുത്ത ടിക്കറ്റ് കാൻസൽ ചെയ്ത് ലോക്കൽ കംപാർട്ട്മെന്റിൽ പോകാൻ തീരുമാനിച്ചു.

പതിവിനുവിപരീതമായി യാത്രയിൽ എന്തോ ഒരു അസ്വസ്ഥത സഹയാത്രികനായി. പുറംകാഴ്ചകളിലേക്ക് പുറംകണ്ണുകൾ അയച്ചു; മനസ് വല്യുപ്പയോടൊപ്പം പോയി. അതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു. ഭീതിപ്പെടുത്തുന്ന ഏതോ ഒരു സ്വപ്നം അവിടെയും ശല്യപ്പെടുത്താൻ വന്നു. പിന്നെ ഉറക്കം തുടരാൻ ആയില്ല.

കോഴിക്കോട് സ്റ്റേഷനിൽ എത്തി, പുറത്തിറങ്ങി. നാട്ടിലേക്കുള്ള ബസിൽ കയറി. മെയിൻ റോഡിലെ ജങ്ഷനിൽ ബസ്സിറങ്ങി വീട്ടിലേക്ക് ഓട്ടോ പിടിക്കാൻ ഒരുങ്ങിയപ്പോൾ പരിചയക്കാരനായ ഓട്ടോ ഡ്രൈവർ തഫ്സീർ, ഓട്ടോയുമായി വന്ന് ചോദിച്ചു, "എടാ, കയറ്. നീ അറിഞ്ഞില്ലേ?". പേരറിയാത്ത എന്തോ ഒന്ന് ഇടനെഞ്ചിലൂടെ കൊള്ളിമീൻ മിന്നി. ഞാൻ പറഞ്ഞു, നീ പറയണ്ട തഫ്സീറെ. എനിക്കറിയാം!

വല്യുപ്പ മരിച്ചു എന്ന് കേൾക്കാൻ എനിക്കാവില്ലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മായിയുടെ അടുത്ത് ചെന്ന്, വല്ലിപ്പ മരിക്കുമോ അമ്മായീ എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞതും, കൂടി നിന്നവരെ കരയിപ്പിച്ചതും ബാല്യകാല ഓർമകളായി വീട്ടിലെ കൂട്ടുസൊറകളിൽ കടന്നുവരാറുണ്ട്, പലപ്പോഴും. എന്നാൽ, അപ്പോഴൊക്കെയും ഒരു നേർത്തവേദനയോടെ ഞാനത് ആസ്വദിക്കാതെ മാറിനില്ക്കാറായിരുന്നു പതിവ്.എനിക്കത് ഉൾകൊള്ളാൻ ആവില്ല. പ്രവാചകൻ മരണപ്പെട്ടപ്പോൾ അത് ഉൾകൊള്ളാൻ ആവാതെ, അദ്ദേഹം മരിച്ചു എന്ന് പറഞ്ഞവന്റെ തലയെടുക്കും എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അനുചരൻ ഉമറിന്റെ (റ) മാനസികാവസ്ഥ എനിക്ക് എപ്പോഴും നന്നായി മനസ്സിലാക്കാൻ സാധിക്കും.

ഞാൻ എന്നും ഭയപ്പെട്ട ആ നാൾ വന്നെത്തിയിരിക്കുന്നു.വല്യുപ്പ പോയിരിക്കുന്നു. പക്ഷെ, ഞാനാ പരമസത്യം ഉൾക്കൊണ്ടേ മതിയാകൂ. വീട്ടിലേക്ക് എത്താറായി. വഴിയിൽ ആൾക്കൂട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നുപോവുന്നു.

എവിടെനിന്നാണെന്നറിയില്ല, ഒരു മന:ശക്തി എന്നെ അനുഗ്രഹിച്ചു. കൂടിനിന്ന അനേകം ആളുകൾക്കിടയിലൂടെ ഞാൻ വീട്ടിലേക്ക് കയറി, നേരെ എന്റെ വല്യുമ്മയുടെ അടുത്തെത്തി. മനസ്സിൽ ഒതുക്കിയ ദു:ഖഭാരത്തിന്റെ അണപൊട്ടി. കണ്ടുനിന്നവരുടെ തേങ്ങലിൽ ആ മുറി വീർപ്പുമുട്ടി.

കുളിച്ച് വസ്ത്രം മാറി ഞാൻ മയ്യിത്ത് ദർശിച്ചു. കരഞ്ഞില്ല, ഞാൻ. പിന്നെ, മയ്യിത്ത് കുളിപ്പിച്ചു. പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനു നേതൃത്വം നല്കി.

രാത്രി ബന്ധുക്കളോടൊപ്പം വീട്ടിലെ കോലായിൽ ഇരിക്കവെ,  മധുരപലഹാരങ്ങൾ ഏറെ ഇഷ്ടമുള്ള വല്യുപ്പക്ക് വേണ്ടി ഞാൻ കൊണ്ടുവന്ന ഗുലാബ് ജാമുൻ എല്ലാവരുമായി പങ്കുവെക്കവേ, അമ്മായി കാര്യങ്ങൾ വിശദീകരിച്ചുതന്നു. രണ്ടുദിവസം മുന്പ് പെട്ടന്നാണ് ഉപ്പ ബെഡിൽ നിന്നും താഴെ വീണത്. പെട്ടന്ന് ബോധം നശിച്ചു. പിറ്റേന്ന് കുറച്ചു നേരത്തേക്ക് ഓർമ തിരിച്ചുവന്നു. പലവട്ടം എന്നെ ചോദിച്ചുവത്രേ... പിന്നെ, എന്റെ മയ്യിത്ത് കുളിപ്പിക്കാനും, മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്കാനും 'എന്റെ കുട്ടി' തന്നെ വേണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് അബോധത്തിന്റെ ലോകത്തേക്ക് തിരിച്ചുപോയി.

പിറ്റേന്നാണ് വല്യുപ്പ വിടപറയുന്നത്. അന്ന് മയ്യിത്ത് സംസ്കരണത്തിനു മുന്പാണ് ഞാൻ എത്തിയിരിക്കുന്നത്. ട്രെയിനിൽ, അസ്വസ്ഥനായ ഏതോ നിമിഷത്തിൽ ആയിരിക്കണം ബോധത്തിന്റെയും  അബോധത്തിന്റെയും ഇടയ്ക്കുള്ള  നൂല്പാലത്തിൽ വെച്ച് അദ്ദേഹം എന്നെ ചോദിച്ചത്.

ഞാനോർത്തു. ഞാൻ നേരത്തേ തിരിച്ചില്ലായിരുന്നെങ്കിലോ? എന്റെ മനസ്സ് അന്ന് അസ്വസ്ഥമായിരുന്നില്ലെങ്കിലോ?! സുഹൃത്തുക്കളുടെ സാന്നിധ്യം യാത്രയിലെ മഹാ അനുഗ്രഹമാണ്. അനുഗൃഹീതമായ ആ പ്രലോഭനത്തിൽ നിന്നും എങ്ങനെയാണ് എനിക്ക് രക്ഷപ്പെടുവാൻ സാധിച്ചത്?

ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല.

85 comments:

  1. സ്നേഹത്തിന്‍റെ, കരുതലിന്റെ, വാത്സല്യത്തിന്റെ തീരാനഷ്ടങ്ങള്‍...
    ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്. എഴുതിയപ്പോള്‍ കരഞ്ഞുവോ ആവോ.?

    ReplyDelete
    Replies
    1. നന്ദി, ജോസൂട്ടി. ചിലയോർമകൾക്ക് കണ്ണുനീരിന്റെ ഉപ്പുരസം അകമ്പടിയാകും.

      Delete
  2. ടെലിപ്പതി ഇങ്ങനെയുമാകാം... സ്നേഹവും കരുതലും ഉള്ളിടത്ത് പ്രത്യേകിച്ചും.!
    എഴുത്ത് പങ്കുവെക്കുന്ന വികാരത്തെ ചേര്‍ത്ത് പിടിക്കുന്നു, സ്നേഹം.

    ReplyDelete
    Replies
    1. സന്തോഷം, നാമൂസ്. സ്നേഹം

      Delete
    2. എൻ്റെ കൂട്ടുകാരാ ..

      വായന എപ്പോഴും ഹൃദ്യമാകുന്നത് ..അതിലെവിടെയോ നാം നമ്മേ കണ്ടെത്തുന്നത് കൊണ്ടാണ് . അതുപോലെ തന്നെ കാഴ്ചകളും .
      വായിച്ചുപോകുന്ന വരികളിൽ എവിടെയെങ്കിലും നമ്മുടെ അസ്‌തിത്വം കണ്ടെത്താൻ നാം എത്ര ശ്രമിക്കുന്നുവോ അത്രയും പ്രിയപ്പെട്ട്ടതാകുന്നു ആ കൃതിയും .
      ഞാൻ ഒന്നും പറയുന്നില്ല ..നിന്റെ ഹൃദയത്തിലെ ചൂടുകാറ്റിലേക്കു എന്റെ ഒരു തുള്ളി കണ്ണുനീർ കൂടി

      ....... ലത്തീഫ്ക്ക

      Delete
  3. സമാനമായ ഒരു സംഭവം ഈയുള്ളവനും ഉണ്ടായിട്ടുന്ന്ട്,
    പിന്നീട് ഒരിക്കല്‍ പ്രൊഫസര്‍ മുഹമ്മദ്‌ ഹസന്‍ തന്റെ ഒരു ലേഖനത്തില്‍ ഒരു സ്നേഹ നിധിയായ പിതാവിന്റെ മരണ വാര്‍ത്ത അകലെ മരുഭൂമിയില്‍ ഭര്‍ത്താവിന്റെ കൂടെ കിടന്നുറങ്ങുന്ന മകള്‍ അറിയുന്നതും വീട്ടിലേക്ക് വിളിച്ചു സ്ഥിരീകരിക്കുന്നതുമായ ഒരു അനുഭവം കുറിച്ചപ്പോള്‍ ആണ് അതിന്റെ ദൈവികമായ ഇടപെടലുകളെ കുറിച്ച് ചിന്തിക്കുന്നതും പ്രപഞ്ച സൃഷ്ടാവിലുള്ള വിശ്വാസം വീണ്ടും വീണ്ടും ദൃഡപ്പെടുന്നത്....

    ReplyDelete
    Replies
    1. സ്നേഹത്തിനു തന്നെയായിരിക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുക. സ്നേഹത്തിന്, പൌലോ കൊയിലോ പറഞ്ഞപോലെ, 'ഒരു പ്രാപഞ്ചിക ഭാഷ' ഉള്ളതുകൊണ്ടായിരിക്കും ഇത്തരം വികാരങ്ങൾക്ക് എവിടെയും സമാനതകൾ ഉണ്ടാകുന്നത്. നന്ദി, പ്രിയ അഷ്‌റഫ്‌ക്ക.

      Delete
  4. കുനിയിൽ മറ്റുള്ളവർക്ക് കൊടുക്കുന്ന സ്നേഹം തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . അപ്പോൾ വല്ലിപ്പയും കുനിയിലും തമ്മിലുള്ള സ്നേഹത്തിന്റെ അളവ് എത്രയായിരിക്കും!! സ്നേഹമുള്ള വല്ല്യുപ്പയുടെ സ്നേഹമുള്ള പേരക്കുട്ടി

    ReplyDelete
    Replies
    1. അതിരുകളില്ലാത്ത സ്നേഹം, എന്റെ ആത്മമിത്രമേ...

      Delete
  5. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല .......

    ReplyDelete
    Replies
    1. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം എപ്പോഴും unknown ആയിരിക്കും, @Unknown

      Delete
  6. നൗഷാദ് , ഇത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ഭാരം .
    വല്ല്യപ്പ യുമായുള്ള ആത്മ ബന്ധം - നമുക്കറിയാത്ത ചില മാധ്യമങ്ങളിലൂടെ സരവ ശക്തൻ നമുക്ക് ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ദൂരെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവ് നൽകുന്നു . എനിക്കും ഇത്തരം ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .
    ബ്ലോഗിൽ ഇനിയും സജീവമാകൂ . നൗഷാദിന്റെ മനസിലെ ആ അഗ്നി വായനക്കാരനെ അനുഭവിപ്പിച്ചു .

    ReplyDelete
    Replies
    1. താങ്കൾ എന്നും നൽകിവരുന്ന സ്നേഹത്തിന് നന്ദി, പ്രിയ സുബൈർക്ക

      Delete
  7. പ്രിയ നൗഷൂ.........,
    സ്നേഹത്തിൽ ചാലിച്ച വരികൾ
    വായിച്ചു കഴിഞ്ഞപ്പോൾ
    ഈ വല്യുപ്പ
    എന്റേതുകൂടെയായി
    അശ്രു കണങ്ങൾ
    അനിയന്ത്രിതമായൊഴുകി.

    ReplyDelete
    Replies
    1. നന്ദി, പ്രിയ ചങ്ങാതീ

      Delete
  8. നന്നായി എഴുതിയത് നന്നായി വായിച്ചു

    ReplyDelete
  9. സ്നേഹം സമ്മാനിക്കുന്ന വേദനകള്‍ മറക്കാന്‍ തന്നെ പ്രയാസമായിരിക്കും.
    ഓര്‍മ്മക്കുറിപ്പ് സമ്മാനിക്കുന്ന സ്നേഹം വ്യക്തമാണ്.

    ReplyDelete
    Replies
    1. സ്നേഹം, നന്ദി പ്രിയ റാം ജി

      Delete
  10. ഉണ്ണിയെപ്പറ്റി എഴുതിയ പോസ്റ്റ് വായിച്ച ഓര്‍മ്മയുണ്ട്.
    ഈ സ്നേഹാനുഭവവും ഹൃദയസ്പര്‍ശിയായി

    ReplyDelete
    Replies
    1. പ്രിയ അജിതേട്ടന് നന്ദി, സ്നേഹം

      Delete
  11. വായനയിലുടനീളം വല്യുപ്പ കൂടെ നടക്കുന്നു. ഓരോ വായനക്കാരനും സ്വന്തം വല്യുപ്പ കൂടെ നടന്നു കാണണം. അല്ലാഹു വല്യുപ്പാക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ... ആമീന്‍

    ReplyDelete
    Replies
    1. ആമീൻ. സ്നേഹം, മുനീബ്

      Delete
  12. ..."ഞാൻ എന്നും ഭയപ്പെട്ട ആ നാൾ വന്നെത്തിയിരിക്കുന്നു...."

    അങ്ങിനെയൊരു നാൾ ഓരോരുത്തർക്കും അവരുടെ വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ സംഭവിക്കുമല്ലോ എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കുന്നു.

    "... പക്ഷെ, ഞാനാ പരമസത്യം ഉൾക്കൊണ്ടേ മതിയാകൂ..."

    ReplyDelete
    Replies
    1. തീർച്ചയായും, അനീസ്‌ ഭായ്

      Delete
  13. ഹൃദയ സ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌ .

    ReplyDelete
    Replies
    1. നന്ദി, ഇസ്മൂ. സ്നേഹം.

      Delete
  14. നൌഷാദ്ക്ക കഴിഞ്ഞ തവണത്തെ ഉണ്ണിയുമായുള്ള ആത്മ ബന്ധത്തെ കുറിച്ചുള്ള ഓര്മ കുറിപ്പ് പോലെ തന്നെ ഇതും വായിച്ചു തീര്ന്നപ്പോള് കണ്ണും മനസ്സും നിറഞ്ഞു................Shafeeque

    ReplyDelete
    Replies
    1. സന്തോഷം, സ്നേഹം. പ്രിയങ്കരനായ ചങ്ങാതീ

      Delete
  15. പ്രിയപ്പെട്ട നൌഷ ...വായിച്ചു കണ്ണുകള്‍ ഈറനണിഞ്ഞു. ബന്ധങ്ങളുടെ ആഴം വാക്കുകൾക്കു അതീതമാണ്. ഹ്രിദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ചു വെച്ചിരിക്കുന്ന എന്റെ സുഹ്രത്തിന്റെ ജീവിതം എന്നും മനോഹരമാകട്ടെ എന്നാശംസിക്കുന്നു.. വല്ല്യപ്പയെയും നമ്മെയും ദൈവം അനുഗ്രഹിക്കട്ടെ..

    ReplyDelete
    Replies
    1. എന്റെ പ്രിയ ചങ്ങാതിയുടെ പ്രാർഥനയ്ക്ക് ആമീൻ. സ്നേഹം, പ്രിയ ബക്കർ <3

      Delete
  16. മനോഹരം നൌഷാദ് .ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ് ......അതേ ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല ..
    --

    ReplyDelete
    Replies
    1. നന്ദി, ലീന. അതെ, ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ടാവാം, പക്ഷെ ഉത്തരം ഉണ്ടാവണമെന്നില്ല.

      Delete
  17. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരാളെ കാണിച്ചുകൊടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കുക എന്റെ പ്രിയ നൌഷാദ് ബായിയെയാകും .......... നഷ്ടങ്ങളുടെ കഥപറയുമ്പോളും നഷ്ടപ്പെടാത്ത "മലയാളത്തിനു" നന്ദി .......... ഹൃദ്യമായ വായനകള്‍ക്കായി ഇനിയും കാത്തിരിക്കുന്നു. അതിനി നഷ്ടങ്ങളുടെതാവതിരിക്കട്ടെ എന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  18. വായിച്ചു. എന്താണ് പറയുക? ശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറമാണ് മനുഷ്യ മനസ്സും അവയുടെ ബന്ധങ്ങളും. വായിച്ചപ്പോൾ മനസ്സില് എവിടെയോ കൊളുത്തി വലിക്കുന്ന ഒരു അനുഭവം.:(

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി, ശാലിനി.

      Delete
  19. ഹൃദയ സ്പര്‍ശിയായ എഴുത്ത്. ആ സ്നേഹം വാക്കുകളിലൂടെ ഒഴുകുന്നു. നന്ദി നൌഷാദ് ബായി ഈ ഓര്‍മ്മക്കുറിപ്പ് പങ്ക് വെച്ചതിനു. കൂട്ടുകുടുംബം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ കുറിപ്പിന്റെ പ്രസക്തി വര്‍ധിക്കുന്നു .

    ReplyDelete
    Replies
    1. നന്ദി, പ്രിയപ്പെട്ട ജബ്ബാർ ബായി.

      Delete
  20. അഹങ്കാരവും അഹന്തയുമില്ലാത്ത മനസ്സും, നിസ്വാർത്ഥമായ സ്നേഹവും കൂടെയുള്ളവർക്ക് മാത്രം അനുഭവിച്ചറിയാവുന്ന ടെലിപ്പതി .... നന്നായി പറഞ്ഞു തന്നു പ്രിയ സുഹൃത്ത് Kuniyil

    ReplyDelete
    Replies
    1. സ്നേഹം പ്രിയ ചങ്ങാതീ...

      Delete
  21. ഹൃദയത്തില്‍ മാഞ്ഞുപോകാതെ കിടക്കുന്ന ആ സ്മരണ മനസ്സില്‍ തട്ടുന്ന വിധം തന്നെ അവതരിപ്പിച്ചു.. ഇങ്ങിനെ സാമാന്യബുദ്ധിക്ക് നിര്‍വ്വചിക്കാന്‍ കഴിയാത്ത എന്തെല്ലാം കാര്യങ്ങള്‍ ..

    ReplyDelete
    Replies
    1. "ഇങ്ങിനെ സാമാന്യബുദ്ധിക്ക് നിര്‍വ്വചിക്കാന്‍ കഴിയാത്ത എന്തെല്ലാം കാര്യങ്ങള്‍...!" നന്ദി, പ്രിയ മുഹമ്മദ്‌ ആറങ്ങോട്ടുകര

      Delete
  22. കണ്ണ് നനയിച്ച പോസ്റ്റ്‌..ചില വേർപ്പാടുകളുടെ വേദന കാലത്തിനു പോലും മായ്ക്കാനാവില്ല..

    ReplyDelete
    Replies
    1. പ്രിയ അക്ബർക്കക്ക് നന്ദി.

      Delete
  23. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല!.. എത്ര സത്യം.. സ്വപ്നങ്ങളെ ചുറ്റിപ്പറ്റി വിചിത്രമായ ചില അനുഭവങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. ചില സംഭവങ്ങളില്‍ പങ്കാളിയായിക്കൊണ്ടിരിക്കുമ്പോള്‍ അതേ സംഭവങ്ങള്‍ മുമ്പെങ്ങോ സ്വപ്നത്തില്‍ കണ്ടിരുന്ന പോലെ ഒരു തോന്നല്‍.. എല്ലാം അതേപോലെ ആവര്‍ത്തിക്കുന്ന പോലെ.. പല വേളകളില്‍ അതുണ്ടായിട്ടുണ്ട്.. പിന്നെ ആ സ്വപ്നം ഓര്‍ത്തെടുക്കാനുള്ള ശ്രമം. ആകെ അസ്വസ്ഥമാകുന്ന മനസ്സ്.. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

    ReplyDelete
    Replies
    1. ചില സമസ്യകൾക്ക് പൂരണം അസാധ്യമാകുന്നു. സ്നേഹം, പ്രിയപ്പെട്ട ബഷീർ മാഷ്‌.

      Delete
  24. മരിച്ചു കിടക്കുന്നത് കണ്ടു എന്നുള്ളതും ഒരു അനുഗ്രഹം തന്നെ,,,

    ഉപ്പ മറിച്ചതറിഞ്ഞു കമ്പനിയുടെ പാൻട്രിയിൽ കരഞ്ഞിരിക്കാൻ വിധിക്കപ്പെട്ട നാളുകലുണ്ടായിരുന്നു... ഒരു ജൂണ്‍ മാസം...
    പിന്നീട് പലപ്പോഴും ഉറക്കത്തിൽ എത്തുന്ന ഉപ്പയെ ഓര്ത്ത് അസ്വസ്ഥമായ മനസ്സുമായി സുഹൃത്ത് (രസീസി)ന്റെ ഉപ്പയെ വിളിച്ചു..
    അന്ന് അദ്ദേഹം പറഞ്ഞ വാക്കുകലാവും പിന്നീട് ഉപ്പയുടെ മരണത്തെ അംഗീകരിക്കാൻ മനസ്സിനെ പാകപെടുത്തിയത്

    "ഒരാള് മരിച്ചു കിടക്കുന്നതും, കുളിപ്പിച്ചു കഫാൻ ചെയ്യുന്നതും, കബരടക്കുന്നതും എല്ലാം കാണുകയും അതിലൊക്കെ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ അയാള് മരിച്ചു എന്നാ സത്യം ഉൾകൊള്ളുന്നത് , ഇല്ലെങ്കിൽ ഉപ്പ വീട്ടിലുണ്ടെന്നും, നിന്റെ വരവ് കാത്തിരിക്കുന്നുണ്ടെന്നും മനസ്സില് തന്നെയുണ്ടാവും ,,,, നാട്ടിൽ വെക്കേഷന് പോയി വന്നാൽ എല്ലാം ശരിയാവും.... പ്രാർഥിക്കുക ... അത്ര തന്നെ "

    നൌശാടകയുടെ സ്നേഹം നിരഞ്ഞ എഴുത്തിലൂടെ പോവുമ്പോൾ ആ രണ്ടു മുഖങ്ങളും മനസ്സിലേക്കോടി എത്തുന്നു ...

    ReplyDelete
    Replies
    1. താങ്കളുടെ അനുഭവം അനുഭവിപ്പിക്കുന്ന വികാരം പറഞ്ഞറിയിക്കാൻ ആവില്ല, ബാബു. പ്രാർഥനകൾ

      Delete
  25. ആത്മബന്ധങ്ങളുടെ
    അഗാധത
    അനുഭവവേദ്യമാക്കുന്ന
    അപൂര്‍വ്വാനുഭവങ്ങള്‍....

    പ്രിയപ്പെട്ടവരോടൊപ്പം
    നമുക്കും
    പരലോകമോക്ഷം
    പ്രാപ്തമാകാന്‍
    പ്രാര്‍ത്ഥനകള്‍....

    ReplyDelete
    Replies
    1. പ്രാർഥനകൾ... പ്രിയപ്പെട്ട ഉസ്മാൻ ഇക്ക

      Delete
  26. ഒരു യുക്തിബോധത്തിനും പിടി തരാത്ത ചില കര്‍മബന്ധങ്ങളുടെ കാണാചരടുകള്‍ എല്ലാവരെയും സ്ഥലകാലങ്ങളുടെ അതിരുകളില്ലാതെ കോര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. അത് അനുഭവിക്കാനും അറിയാനും പക്ഷെ ഒരു അകക്കണ്ണിന്‍റെ വെട്ടം കൂടിയേ തീരൂ. നൌഷാദിന് ആ വെളിച്ചത്തിന്‍റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ആ സംഭവം മനസ്സില്‍ ഇങ്ങിനെ ഉടക്കിപ്പോയതും കാലങ്ങള്‍ക്കിപ്പുറവും വായനക്കാരനെ ആ ദിവസത്തിന്‍റെ ഹൃദയഭാരത്തിലേക്ക് കണ്ണി ചേര്‍ക്കാന്‍ കഴിയുന്നതും.

    ReplyDelete
    Replies
    1. പ്രിയ സലാം സാബ്. അതിരുകൾ ഇല്ലാത്ത സ്നേഹം...

      Delete
  27. ഈ സംഭവം നൗഷദ് ഒരിക്കൽ ഞന്ഗളോട് പറഞ്ഞിരുന്നത് ഓർമയിലുണ്ട്. അദൃശ്യമായ രൂപാത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണുമ്പോ അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് നന്ദിയുള്ളവരാകാം. നല്ല എഴുത്ത്. സുഖമുള്ള വായനാ.

    ReplyDelete
  28. സമാനമായ സംഭവങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്‌. എങ്കിലും എഴുത്തിൽ രണ്ടു തലമുറകൾ തമ്മിലുള്ള ഇഴയടുപ്പം ഹൃദയത്തിൽ പതിയുന്ന രീതിയിൽ തന്നെ എഴുതി ചേർത്തിരിക്കുന്നു. വല്യുപ്പയുടെ പരലോകമോക്ഷത്തിനായ്‌ പ്രാർത്ഥിക്കുന്നു.

    ReplyDelete
  29. ചില സംഭവങ്ങള്‍ അങ്ങിനെയാണ്. യുക്തിക്കും വിശദീകരങ്ങള്‍ക്കും വഴങ്ങാതങ്ങിനെ....
    മതങ്ങള്‍ കൃത്യമായും ഭംഗിയായും വിശദീകരിക്കപ്പെടുന്ന ഒരു തലവുമിതാണ്.
    എവിടെയൊക്കെയോ ചില അദൃശ്യമായ നൂല്‍ബന്ധങ്ങളുണ്ട്‌.തീര്‍ച്ച. കേവലം യാദൃച്ഛികമെന്നു നാമെത്ര നിരാകരിച്ചാലും.
    (അപകടത്തിലേക്ക് പുറപ്പെടുന്ന ഒരു ബസ്സിലേക്ക് കാലെടുത്തുവെക്കവേ ഒരു കൂട്ടുകാരന്‍റെ പിന്‍വിളിയില്‍
    പിന്‍വലിയുന്ന സമയയം രക്ഷയുടെ രൂപത്തില്‍ ആ ചരടുകള്‍ മുറുകുകയാണ്..)
    ഇന്ദ്രിയാതീതമായ ചില അറിവുകള്‍ സിക്സ്ത് സെന്‍സ് എന്നു പറയുമോ എന്തോ
    (സാന്ദര്‍ഭികമെമായി പറയാം ( നൌഷാദിന്‍റെ ബ്ലോഗ്ഗിന്‍റെ പേരും അതാണല്ലോ...! :) )
    നമ്മളിലേക്ക് സൂചനകളായി ലഭിക്കുന്നതായി തോന്നാറുണ്ട്...,അനുബന്ധമായി വരുന്ന സംഭവങ്ങളാല്‍ അവ
    ന്യായീകരിക്കപ്പെടുകയുമാവുന്നു.
    നന്മ നിറഞ്ഞൊരിടത്തിലേക്കിത്തരം സൂചനകള്‍ ദിവ്യബോധനങ്ങളെന്നപോലെ തോന്നിപ്പിക്കുന്നുണ്ടാകണം.
    നൌഷാദ്ഭായിക്കുണ്ടായ പോലെ.
    ബന്ധങ്ങളുടെ അദൃശ്യമായ നൂലിഴകളിലൂടെ അളക്കാനാവാത്ത ബാന്‍റ് വിഡ്ത്തുകളില്‍
    സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്...വല്യുപ്പയും നിങ്ങളും തമ്മിലുള്ള വേരാഴ്ന്നൊരു സ്നേഹമാണ് കൃത്യസമയത്താ
    സന്ദേശം കൈപറ്റാനും "യുക്തമായൊരു" തീരുമാനത്തിലെത്താനും കാരണമായത്‌
    അതെ, ജീവിതം നമ്മളറിയുന്നതിലും, നമ്മളനുഭവിക്കുന്നതിലുമെത്രയോ ഉദാത്തമാണ്...

    നന്നായെഴുതി ഭായ്
    പതിവുപോലെ സ്നേഹവും സങ്കടവും ചേരുവയാക്കിയ നിര്‍മ്മലലിഖിതങ്ങള്‍....!

    ഇതും കൂടി പറയണമല്ലോ....
    അടുത്തപോസ്റ്റില്‍ നമുക്കൊന്ന് മാറ്റിപ്പിടിക്കണം.
    നന്മയും സ്നേഹവും സഹാനുഭൂതിയും മാത്രമല്ലല്ലോ ജീവിതം, അല്ലെങ്കില്‍ ലോകം.
    ഇവിടെ,ചിരിക്കാനും ഒരല്പം പരുക്കനവാനും നൌഷാദ് ഭായ് ശീലിക്കേണ്ടിയിരിക്കുന്നു.
    പതിവു വിഭവങ്ങളേ ഇവിടെ വിളമ്പൂയെന്നു ഞങ്ങള്‍ ധരിക്കരുതല്ലോ...:)

    സ്‌നേഹം. എന്‍റെ പ്രിയകൂട്ടുകാരന്.....

    ReplyDelete
    Replies
    1. അശ്രു, പ്രിയങ്കരനായ ചങ്ങാതീ..., താങ്കളുടെ സ്നേഹാക്ഷരങ്ങൾ എന്റെ ദൗർബല്യങ്ങളിൽ ഒന്നാണ്. നല്ല വാക്കുകൾക്കും നല്ല നിർദ്ദേശങ്ങൾക്കും തിരിച്ചുനല്കാൻ സ്നേഹം മാത്രം കൈയിൽ, പതിവുപോലെ.

      Delete
    2. അഷറഫിന്റെ ഈ വരികള്‍ക്കടിയില്‍ എന്റെ ഒരു കയ്യൊപ്പ് ചാര്‍ത്തട്ടെ.
      സ്നേഹപൂര്‍വ്വം
      ഉസ്മാന്‍ പള്ളിക്കരയില്‍

      Delete
  30. ഉണ്ണിയേയും വല്ല്യുപ്പയേയും പ്രിയപ്പെട്ടവരായി മനച്ചെപ്പിൽ സൂക്ഷിക്കുന്നു...
    സ്നേഹപൂർവ്വം...

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം, നന്ദി @വര്‍ഷിണി* വിനോദിനി

      Delete
  31. ചില വേര്‍പാടുകള്‍ കാലമെത്ര കഴിഞ്ഞാലും മുറിവുണങ്ങാതെ നമ്മെ പിന്തുടരും. ആത്മബന്ധത്തിന്റെ ആഴം കൂടുന്നതിന് അനുസരിച്ച് വേദനയുടെ തീവ്രതയും കൂടും. ഉമ്മയുടെ ഉമ്മ ഒഴികെ എല്ലാ grand parents ഉം എനിക്ക് പറഞ്ഞു കേട്ട ഓര്‍മ്മകള്‍ മാത്രം. ഹോസ്റ്റല്‍ പഠന കാലത്താണ് വീട്ടില്‍ grand parents ഉണ്ടായാല്‍ ഉള്ള നേട്ടങ്ങളെ കുറിച്ച് അറിയുന്നത്. nostalgia എന്ന അനുഭവം പോലും അവരുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് എന്‍റെ നിരീക്ഷണം. ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് അവര്‍ ഇല്ലെങ്കില്‍ സങ്കല്‍പം മാത്രമാണ്.

    ആത്മബന്ധത്തിന്റെ ആഴം തിരിച്ചറിയാന്‍ ചിലപ്പോള്‍ ഒരു വേര്‍പാട് തന്നെ വേണ്ടി വരും. ഒരു തരത്തില്‍ അതൊരു ദൌര്‍ഭാഗ്യമാണ്. എന്‍റെ ഉപ്പ മരണപ്പെടുന്നത് ഒരു റമദാന്‍ മാസത്തിലെ പതിനേഴാം രാവില്‍ ആണ്. അന്ന് പകല്‍ ഒരു ബന്ധുവിന്‍റെ ചികിത്സക്കായി ഞങ്ങള്‍ കോഴിക്കോട് പോയിരുന്നു. എന്റെ ഉപ്പ ചെറുപ്പകാലത്ത് ബോംബെ, അഹമ്മദാബാദ്, കറാച്ചിയില്‍ ഒക്കെ ജീവിച്ച ആള്‍ ആണ്. ഞങ്ങള്‍ മൂന്നാലിങ്ങല്‍ പള്ളിക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു ദാവൂദി ബോറ സ്ത്രീ അവരുടെ സവിശേഷമായ വേഷം ധരിച്ചു കടന്നു പോയി. അപ്പോള്‍ ഉപ്പ എന്നോട് ആ വേഷത്തിന്റെ പ്രത്യേകതയെ പറ്റി ചോദിച്ചു. അത് ദാവൂദി ബോറകളുടെ വേഷം ആണെന്നും അവരുടെ മറ്റു പ്രത്യേകതകളും ഞാന്‍ പറഞ്ഞു. സബാഷ് എന്ന് പറഞ്ഞു ഉപ്പ എന്നെ അഭിനന്ദിച്ചു. വെളുപ്പിന് മുമ്പ് അത്താഴത്തിനു വിളിച്ചപ്പോള്‍ ഉണരാതിരുന്ന ഉപ്പ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയില്‍ വലിയ attachment ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ വേര്‍പ്പാട് പോലെ എന്നെ മുറിപ്പെടുത്തിയ വേറൊരു സംഭവവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

    ReplyDelete
    Replies
    1. "ആത്മബന്ധത്തിന്റെ ആഴം തിരിച്ചറിയാന്‍ ചിലപ്പോള്‍ ഒരു വേര്‍പാട് തന്നെ വേണ്ടി വരും!" - നന്ദി പ്രിയപ്പെട്ട സലിം സാബ്.

      Delete
  32. ചിലവായനകള്‍ മിഴികളിലൂടെ കണഠനാളത്തിലേക്കൊഴുകും. ചങ്ക് പിടയ്ക്കുന്ന വായനകളുണ്ടാവുന്നതങ്ങിനെയാണ്..!

    ReplyDelete
    Replies
    1. വന്നതിനും, വായിച്ചതിനും, മൊഴിഞ്ഞതിനും നന്ദി @ ഇലഞ്ഞിപൂക്കള്‍.

      Delete
  33. കാലം കുറെ ഒക്കെ ഉണക്കി കളഞ്ഞാലും ചാരം മൂടിയ കനൽ പോലെ ചിലത് ഉള്ളിൽ എരിഞ്ഞു കൊണ്ടേ ഇരിക്കും...ചില നേരങ്ങളിൽ അത് ഉരുകി ഒലിച്ചങ്ങനെ നമ്മെ ചുട്ടു പൊള്ളിക്കും...ഇടിയുള്ള നേരങ്ങളിൽ നല്ല മഴയുള്ള നേരങ്ങളിൽ പള്ളിക്കാട്ടിലെ പലകക്കടിയിൽ ഉമ്മ തനിച്ചായിരിക്കും എന്ന് എഴുതിയ ഒരു ചങ്ങാതിയെ എനിക്കറിയാം...


    .ഉള്ളിൽ ഒരു പേരും മഴ കുത്തി ഒലിച്ചു പോയതും എനിക്കറിയാം ..

    ReplyDelete
    Replies
    1. "ഇടിയുള്ള നേരങ്ങളിൽ നല്ല മഴയുള്ള നേരങ്ങളിൽ പള്ളിക്കാട്ടിലെ പലകക്കടിയിൽ ഉമ്മ തനിച്ചായിരിക്കും എന്ന് എഴുതിയ ഒരു ചങ്ങാതിയെ എനിക്കറിയാം.." ഈ വരികൾ കുറെ ദിവസങ്ങളായി എന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു, kaattu kurinji

      Delete
  34. ആത്മാവ് പങ്കുവെച്ച വലിയുപ്പയും മകനും, അദ്ദേഹത്തിന്റെ പലരോലം അല്ലാഹു അനുഗ്രഹീതമാക്കി തീര്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    ReplyDelete
    Replies
    1. ആമീൻ. നന്ദി യൂസുഫ് സെർ

      Delete
  35. വായിച്ചു.
    ഒരു കണ്ണുനീർ തുള്ളി അടർത്തിയെടുത്തു കൊണ്ട് ഹൃദയത്തിലേക്കെടുത്തു വെച്ചു ഈ അനുഭവത്തെ.
    സ്നേഹത്തിന്റെ ഇത്തരം ചില പങ്കു വെക്കലുകൾ കേൾക്കുമ്പോഴും,കാണുമ്പോഴും ന്റെയുള്ളിലും നിറയുന്നുണ്ടീ സ്നേഹം.

    ReplyDelete
    Replies
    1. നിറഞ്ഞു നില്ക്കുന്ന സ്നേഹം അക്ഷയമാവണം, നിറഞ്ഞൊഴുകി തീർന്നുപോവാതെ. പങ്കുവെക്കലിന്റെ സ്നേഹപ്രകടനത്തിന് അവാച്യമായൊരു സുഖമുണ്ട്. നന്ദി, ഉമ, വായിച്ചതിനും, വായനാനുഭവം കുറിച്ചതിനും.

      Delete
  36. ഒരു നിമിഷം ഞാനും എന്റെ മണ്മറഞ്ഞുപോയ എന്റെ പ്രിയ വല്യുപ്പയെ ഓര്‍ത്തു പോയി .... താങ്കള്‍ ഒരു മഹാ ഭാഗ്യവാനാണെന്ന് ഞാന്‍ പറയും..കാരണം സ്നേഹത്തിനു മുന്നില്‍ തോല്‍ക്കാത്ത ആരുമില്ല ഈ ലോകത്ത്. നാഥന്‍ താങ്കളെയും വല്യുപ്പയെയും അനുഗ്രഹിക്കട്ടെ , ആമീന്‍ .........

    ReplyDelete
    Replies
    1. ആമീൻ. സ്നേഹം, സന്തോഷം 'അജ്ഞാത'നായ സുഹൃത്തേ.

      Delete
  37. ഒന്നര പതിറ്റാണ്ട് മുമ്പത്തെ ഒരു വേർപാട് വായനക്കാരനെ അനുഭവിപ്പിച്ചു പ്രിയപ്പെട്ട നൗഷാദ്.
    സ്നേഹത്തിൽ പൊതിഞ്ഞ അക്ഷരങ്ങൾ കൊണ്ട് സുഹൃത്തുക്കളുടെ ഹൃദയത്തിൽ ഇരിപ്പിടമൊരുക്കുന്ന കൂട്ടുകാരന് ഭാവുകങ്ങൾ...

    ReplyDelete
    Replies
    1. എന്റെ പ്രിയപ്പെട്ട ചങ്ങാതീ, സ്നേഹം ഒരുപാടസ്റ്റ്.

      Delete
  38. ഒരു കമന്റ് എഴുതാൻ പോലും അശക്തനായതുകൊണ്ടാണ് മിണ്ടാതിരുന്നത് ഇത്രയും നാളും...
    വായിച്ചു കൂട്ടിയ അറിവും അനുഭവിച്ചറിഞ്ഞ പാഠങ്ങളും സമം ചേരുമ്പോൾ മഹത്തരമായ രചനകൾ ഉണ്ടാകും എന്നതിന് ഈ ബ്ലോഗ് ഒന്നാന്തരമൊരു തെളിവാകുന്നു.

    മനസിന്റെ കോണുകളിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച ഈ കുറിപ്പും ഇഷ്ടമാകാതെ വരില്ലല്ലോ...

    പ്രിയ മിത്രമേ,
    മനസ് നിറയെ സ്നേഹം....
    ♥ യൂ!

    ReplyDelete
  39. ഇഷ്ട മിത്രമേ..., നല്ല വായനയ്ക്ക് നിറഞ്ഞ സ്നേഹം തിരികെ.

    ReplyDelete
  40. ഒരോ വേര്‍പ്പാടുകളും മനസ്സില്‍ പെയ്യുന്ന ഒരുപാട് നൊമ്പരങ്ങളുടെ മഴ തുള്ളികളാണ് .
    ചിലപ്പോള്‍ പതുക്കയും ചിലപ്പോള്‍ കോരിചോരിഞ്ഞും പെയ്യുന്ന മഴകളെ പോലെ...

    നല്ല ആശംസകളോടെ
    @srus..

    ReplyDelete
  41. സ്നേഹമെന്ന കാണാ ചരടില് നൌഷാദും വല്യുപ്പയും തീർത്ത ബന്ധങ്ങള്ക്ക് ഭൗതികമായ ദൂരപരിധികള് ഒരു വിടവ് സൃഷ്ടിച്ചില്ല. നന്നായെഴുതി.

    ReplyDelete
  42. ഇതിനോട് സാമ്യമുള്ള അനുഭവങ്ങൾ മുൻപു വായിച്ചിട്ടുള്ളതുകൊണ്ടും പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ടും ( വൈക്കം മുഹമ്മദ് ബഷീർ 'ബാല്യകാലസഖി'യിൽ ഇത്തരമൊരനുഭവം പറയുന്നുണ്ട് ) കുറച്ചൊക്കെ അനുഭവമുള്ളതുകൊണ്ടും ഇത് ഉൾകൊള്ളാനാവുന്നുണ്ട്. ശാസ്ത്രത്തിനു ഈ മേഖലയിൽ കൂടുതൽ വിശദീകരണങ്ങൾ നൽകായിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ അറിയാത്ത ഒന്നുള്ളതുകൊണ്ട് അറിയാത്ത മറ്റൊന്നുമുണ്ട് എന്ന വാദം അത്ര സ്വീകാര്യമായി തോന്നുന്നില്ല. അന്വേഷിച്ചു കൊണ്ടിരിക്കുക തന്നെ. ശാസ്ത്രത്തിനു എന്നെങ്കിലും ഉത്തരം ലഭിക്കാതിരിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചില ലിങ്കുകൾ

    1. http://mal.sarva.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4%E0%B4%BF

    2. http://ml.wikipedia.org/wiki/%E0%B4%85%E0%B4%A4%E0%B5%80%E0%B4%A4%E0%B4%AE%E0%B4%A8%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

    ReplyDelete
  43. ഹൃദ്യമായ എഴുത്ത്. ചില സ്നേഹബന്ധങ്ങള്‍ നമ്മെ ചൂണ്ടകൊളുത്തിലെന്നവണം കൊരുത്തിട്ടിരിക്കും. പറിച്ചെടുക്കാന്‍ പ്രയാസം. എനിക്കും ഇതേപോലെ ഒരു അമ്മമ്മയുണ്ട്. എന്റെ പ്രീയപ്പെട്ട അമ്മച്ചിഅമ്മ. പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്‍റ്റെങ്കിലും ഇന്നും സ്നേഹം കല്‍ക്കണ്ടം പോലെ പകര്‍ന്നുതന്നുകൊണ്ടിരിക്കുന്ന എന്റെ അമ്മച്ചിയമ്മ..

    ReplyDelete

  44. ഒരു ഗദ്ഗദം ബാക്കിയാക്കിക്കൊണ്ടു മാത്രമെ വായന പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു.കൈക്കുടന്നയിൽ നിന്ന് ഊർന്നുപോകുന്ന മനൽത്തരികളെപ്പോലെ പ്രിയപ്പെട്ട എത്രയെത്ര ബന്ധങ്ങൾ നമ്മെ വിട്ടകലുന്നു. വാക്കുകളിലൂടെ വികാരങ്ങളെ അനുഭവിപ്പിക്കാനായി. ആശംസകൾ.

    ReplyDelete

Related Posts Plugin for WordPress, Blogger...
 
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്